Kuwait
ഇറാന്റെ ആക്രമണം: കുവൈത്ത് വിമാനത്താവളത്തിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്ന് ഐ എ ടി എ
വിമാനത്താവളത്തിന് ഘടനാപരമായ നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഐ എ ടി എ പ്രസിഡന്റ് കാമില്‍ അല്‍ അവാദി.
കുവൈത്ത് സിറ്റി | ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് സംഭവിച്ച നാശനഷ്ടങ്ങളില്‍ നിന്ന് പൂര്‍ണമായും കരകയറാന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ (IATA). കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന ഐ എ ടി എ യുടെ വാര്‍ഷിക കൗണ്‍സിലിലാണ് ഇത്തരമൊരു വിലയിരുത്തല്‍ നടന്നത്. വിമാനത്താവളത്തിന് ഘടനാപരമായ നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും അസോസിയേഷന്‍ റീജ്യണല്‍ വൈസ് പ്രസിഡന്റ് കാമില്‍ അല്‍ അവാദി പറഞ്ഞു. ഇതുകാരണം പല വിദേശ വിമാന കമ്പനികളുടെയും പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
ബദല്‍ ടെര്‍മിനലിന്റെ ക്രമീകരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്രമണ സംഭവം വഴിതുറന്നിരിക്കുന്നുവെന്നും കാമില്‍ അല്‍ അവാദി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയം വരെ അഞ്ചു തവണകളിലായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടത്. ഇതിനു പുറമേ ഇക്കഴിഞ്ഞ 10 ദിവസത്തിനിടയില്‍ മൂന്നുതവണ വീണ്ടും വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി.
അതിനിടെ, കുവൈത്ത് യു എസില്‍ നിന്നും 198 കോടി ഡോളറിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായുള്ള റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യോമാക്രമണ ഭീഷണികള്‍ പ്രതിരോധിക്കുന്നതിനാണ് അത്യാധുനിക കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ വാങ്ങുന്നത്. ഇവയുടെ വില്‍പനക്ക് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷാരംഗത്ത് കടുത്ത പ്രതിസന്ധികളാണ് കുവൈത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമ പ്രതിരോധശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കുകയെന്നതാണ് പുതിയ ആയുധ കരാര്‍ വഴി കുവൈത്ത് ലക്ഷ്യമാക്കുന്നത്. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ,ആന്‍ഡുറില്‍, വികസിപ്പിച്ചെടുത്ത അത്യാധുനിക കൗണ്ടര്‍-അണ്‍മാന്‍ഡ് ഏരിയല്‍ സംവിധാനവും അനുബന്ധ ഉപകരണങ്ങളുമാണ് പുതിയ കരാറില്‍ ഉള്ളത്. ശത്രുരാജ്യങ്ങള്‍ അയക്കുന്ന ഡ്രോണുകളെയും മറ്റായുധങ്ങളെയും കൃത്യമായി കണ്ടെത്താനും ആകാശത്ത് വെച്ച് തന്നെ തകര്‍ക്കാനും ശേഷിയുള്ള ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ്, കരാര്‍ അന്തിമ അവലോകനത്തിന് വിധേയമാക്കിയ ശേഷം പുതിയ പ്രതിരോധ സംവിധാനങ്ങള്‍ കുവൈത്തിന് കൈമാറുമെന്നാണ് അറിയുന്നത്.







