Connect with us

Editorial

കപില്‍ സിബലിന്റെ ഇന്‍സാഫ്

ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിലപ്പുറം സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കുടുസ്സായ മനഃസ്ഥിതിയാണ് മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്. ഇത്തരമൊരു ഇടത്തില്‍ വലിയ സാധ്യതയുണ്ട് ഇന്‍സാഫ് എന്ന ദേശീയതല പൗര കൂട്ടായ്മക്ക്.

Published

|

Last Updated

“ഇന്‍സാഫ്’ എന്ന പുതിയ വേദി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ എം പിയുമായ കപില്‍ സിബല്‍. അഭിഭാഷകരാകും ഈ ദേശീയതല പൗര കൂട്ടായ്മയുടെ മുന്‍നിരയില്‍. “നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ആലോചിക്കുകയായിരുന്നു ഞാന്‍. ചരിത്രത്തിലേക്ക് നോക്കിയാല്‍ എല്ലായ്പ്പോഴും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രംഗത്തു വന്നതായി കാണാം. അവയുടെയെല്ലാം മുന്നില്‍ പ്രവര്‍ത്തിച്ചത് അഭിഭാഷകരായിരുന്നു. സമകാലീന ഇന്ത്യയില്‍ അഭിഭാഷകരെല്ലാം നിശ്ശബ്ദരായിരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്. രാജ്യത്തുടനീളം അരങ്ങേറുന്ന അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അഭിഭാഷകര്‍ ഇന്‍സാഫ് കൂട്ടായ്മയുടെ മുന്നില്‍ തന്നെ വേണ’മെന്ന് കപില്‍ സിബല്‍ ആവശ്യപ്പെടുന്നു.

അനീതിക്കെതിരെ പോരാടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കപില്‍ സിബല്‍ ഇന്‍സാഫ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും രാഷ്ട്രീയത്തേക്കാള്‍ ഭരണഘടനാപരമായ മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുകയെന്നും വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് ബദല്‍ കാഴ്ചപ്പാട് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സാഫ് പ്രവര്‍ത്തിക്കുക. വേദിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും ഇതര നേതാക്കളോടും അഭ്യര്‍ഥിക്കുകയും ചെയ്തു. നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്‍സാഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും “ഇന്‍സാഫ്’ കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും വ്യക്തമാക്കാനായി മാര്‍ച്ച് 11ന് ജന്ദര്‍ മന്ദറില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നും തന്റെ വസതിയില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത ക്യാബിനറ്റ് മന്ത്രിയുമായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസ്സിലെ നെഹ്റുവിയന്‍ മൂല്യങ്ങള്‍ നെഞ്ചേറ്റിയിരുന്ന നേതാവ് എന്ന വിശേഷണം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. നിയമരംഗത്തെ മികച്ച സേവനത്തിന് അന്താരാഷ്ട്ര ബാര്‍ അസ്സോസിയേഷന്‍, “ലിവിംഗ് ലെജന്‍ഡ് ഓഫ് ദി ലോ’ എന്ന് വിശേഷിപ്പിച്ച കപിലിനെ 2006ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ നേതൃമാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അദ്ദേഹത്തെ അനഭിമതനാക്കി. തുടര്‍ന്ന് 2022 മെയ് 16ന് കോണ്‍ഗ്രസ്സ് വിട്ട കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയിലാണ് രാജ്യസഭാ അംഗമായത്.

ആര്‍ എസ് എസിന്റെയും ഹിന്ദുത്വ ഫാസിസത്തിന്റെയും കടുത്ത വിമര്‍ശകനാണ് കപില്‍ സിബല്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറുകളെ വേട്ടയാടുക, ഹിജാബ് പോലുള്ള മതന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ ബി ജെ പി സര്‍ക്കാറുകളുടെ സ്വേച്ഛാധിപത്യ നടപടികളെ അദ്ദേഹം കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തു. മോദി സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങള്‍ക്ക് സഹായകമായ, സുപ്രീം കോടതിയുടെ സമീപകാല തീരുമാനങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. “സുപ്രീം കോടതിയില്‍ നിന്ന് നിങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വലിയ തെറ്റിദ്ധാരണയാണെ’ന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് ട്രൈബ്യൂണലില്‍ സംസാരിക്കവെ കപില്‍ പറഞ്ഞത്. “ഞാന്‍ അമ്പത് വര്‍ഷമായി അംഗമായിട്ടുള്ള സ്ഥാപനത്തിലെ (ജുഡീഷ്യറി) ചില അംഗങ്ങള്‍ നിരാശപ്പെടുത്തുന്നു. നിയമവാഴ്ച സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സ്ഥാപനം തുറന്ന കണ്ണുകളോടെ നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കുകയാണെ’ന്നും യു കെയില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുമായി ഫോണില്‍ സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.

കപില്‍ സിബലിന്റെ മേല്‍ നിലപാടുകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദേശീയതല പൗര കൂട്ടായ്മയായ ഇന്‍സാഫ്. ജനാധിപത്യ, മതേതര ഇന്ത്യ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിര്‍ത്തിക്കപ്പുറത്ത് നിന്നല്ല അകത്തു നിന്ന് തന്നെയാണ് രാജ്യം ഏറ്റവും കൂടുതല്‍ വെല്ലുവിളി അഭിമുഖീകരിക്കുന്നത്. ഹിന്ദുത്വ ഫാസിസമാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമായ ഭരണഘടന പോലും വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. ഭരണഘടന മാറ്റിയെഴുതണമെന്ന മുറവിളികള്‍ ഉയരുന്നു. ആരാണോ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍, അവരില്‍ നിന്ന് തന്നെ ധ്വംസന വാസന പ്രകടമാകുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ഡല്‍ഹി പോലീസ് വരെയും കേന്ദ്രത്തിന്റെയും ബി ജെ പിയുടെയും കൈയിലെ രാഷ്ട്രീയ ഉപകരണങ്ങളായി മാറുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് കടുത്ത ഭീതിയിലാണ് മതേതര, ജനാധിപത്യ വിശ്വാസികള്‍. രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികളെ നേരിടേണ്ടത് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തേണ്ട കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒഴുക്കിനൊത്ത് നീന്തുന്ന ദുഃഖകരമായ കാഴ്ചയാണ് കാണപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ അഴകുഴമ്പന്‍ നിലപാടിനെ കഴിഞ്ഞ വാരത്തില്‍ റായ്പൂരില്‍ നടന്ന പാര്‍ട്ടി പ്ലീനറിയില്‍ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിക്കുകയുണ്ടായി.

ഹിന്ദുത്വ ഫാസിസവും ഭരണകൂട ഫാസിസവും ജനാധിപത്യത്തിന് നേരേ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടണമെങ്കില്‍ രാജ്യത്ത് മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. എന്നാല്‍ ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിലപ്പുറം സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കുടുസ്സായ മനഃസ്ഥിതിയാണ് മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്. ഇത്തരമൊരു ഇടത്തില്‍ വലിയ സാധ്യതയുണ്ട് ഇന്‍സാഫ് എന്ന ദേശീയതല പൗര കൂട്ടായ്മക്ക്. സർവ അധികാരത്തിന്റെയും ഉത്ഭവം പൗരന്മാരാണെന്നാണ് ഭരണഘടന ഉദ്ഘോഷിക്കുന്നത്. പൗരന്റെ കര്‍ത്തവ്യങ്ങളില്‍ അതിപ്രധാനമാണ് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണം.