Connect with us

Kerala

പകർച്ചവ്യാധികൾ പടരുന്നു: ഔഷധ ഗുണ നിലവാരം പരിശോധിക്കാൻ ഉദ്യോഗസ്ഥരില്ല

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപകമാകുന്നതിനിടെ മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല.

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപകമാകുന്നതിനിടെ മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കൊവിഡ്, നിപ്പാ എന്നിവക്കൊപ്പം പകർച്ചവ്യാധികളും ഉടലെടുത്തതോടെ മരുന്നിന്റെ ഉപഭോഗം വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളിൽ പലതും ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തന്നെ പറയുമ്പോഴും വകുപ്പിന് കീഴിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് വ്യാജ മരുന്നുകളുടെ വിൽപ്പനക്ക് വഴിയൊരുക്കുകയാണ്.

സംസ്ഥാനത്ത് കാൽ ലക്ഷത്തോളം ഫാർമസികൾ മുഖേ നെ പ്രതിവർഷം 60,000 കോടി രൂപയുടെ മരുന്ന് വിൽപ്പന നടക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് 47 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
പരിശോധനയില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ ലഹരിവസ്തുക്കൾ കൂടുതൽ അടങ്ങിയ മരുന്നുകളും വിൽക്കപ്പെടുന്നുണ്ട്. യുവാക്കളിൽ പലരും ഇത്തരം ലഹരി അടങ്ങിയ മരുന്നുകൾ കഴിക്കുന്നതും വർധിച്ചിരിക്കുകയാണ്.

പരിശോധകരില്ലാത്തതിന്റെ അഭാവം ഭൂരിഭാഗം മരുന്നുകടകളിലും ഇത്തരത്തിൽ മരുന്നുകൾ വിൽക്കുന്നതിന് വഴിയൊരുക്കുകയാണ്. 2008ൽ സംസ്ഥാനത്ത് 12,047 മരുന്നുകടകളാണ് ലൈസൻസ് പ്രകാരം പ്രവർത്തിച്ചിരുന്നത്. 2020ൽ അത് 24, 636യായി ഉയർന്നിട്ടും 2000ത്തിൽ പരിശോധനക്കായി സൃഷ്ടിച്ച തസ്തിക മാത്രമാണ് ഇപ്പോഴുള്ളത്. വർഷം തോറും മരുന്നുകടകൾ വർധിക്കുന്നുണ്ടെങ്കിലും പരിശോധിക്കാൻ ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ 61ഓളം തസ്തികകൾ കൂടി അനുവദിച്ചാൽ മാത്രമേ മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമായി നടക്കുകയുള്ളൂ. അതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

പകർച്ചവ്യാധികൾ പടരുന്നു

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കൊവിഡിനൊപ്പം പകർച്ചവ്യാധികളും പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 6,029 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 39 പേർ ഗുരുതരാവസ്ഥയിയിലാണ്. 23 പേർ ഡെങ്കിപ്പനിയും 12 പേർ മഞ്ഞപ്പിത്തം ബാധിച്ചും ചികിത്സയിലാണ്.

തിരുവനന്തപുരം: 464, കൊല്ലം: 224, പത്തനം തിട്ട: 170, ഇടുക്കി: 186, കോട്ടയം: 370, ആലപ്പുഴ: 181, ഏറണാകുളം: 863, തൃശൂർ: 336, പാലക്കാട്: 400, മലപ്പുറം: 775, കാസർകോട്: 689, വയനാട്: 241, കണ്ണൂർ: 739 എന്നിങ്ങിനെയാണ് വിവിധ ജില്ലകളിൽ പനിബാധിച്ച് ചികിത്സയിലുള്ളവർ.
നിപ്പാ പോലെയുള്ള രോഗം സംസ്ഥാനത്ത് സ്ഥീരികരിച്ച സഹാചര്യത്തിൽ ചെറിയ പനി ഉള്ളവർ പോലും സ്വയം ചികിത്സ നടത്താതെ ആശുപത്രികളിൽ പോയി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.