KPCC
അസഭ്യ പ്രയോഗത്തില്‍ അമര്‍ഷം; കെ സുധാകരനും വി ഡി സതീശനും സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കി
പത്തനംതിട്ടയില്‍ ഇന്ന് കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം ഡി സി സി അറിയിച്ചിരുന്നു.

പത്തനംതിട്ട | കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള കലഹം മൂര്‍ഛിച്ചിരിക്കെ ഇന്നു നിശ്ചയിച്ച സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി.
കെ പി സി സി നടത്തുന്ന സമരാഗ്‌നി യാത്രയുടെ ഭാഗമായി ജാഥാ നായകന്‍മാര്‍ രണ്ടുപേരും പത്തനംതിട്ടയില്‍ നിശ്ചയിച്ച വാര്‍ത്താ സമ്മേളനമാണ് ഒഴിവാക്കിയത്. കെ സുധാകരന്‍ ആലപ്പുഴയില്‍ പരസ്യമായി നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ വി ഡി സതീശന് കടുത്ത അമര്‍ഷമുണ്ടെന്നാണു വിവരം.
പത്തനംതിട്ടയില്‍ ഇന്ന് കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം ഡി സി സി അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടാകില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പിന്നീട് വി ഡി സതീശന്റെ ഓഫീസ് പറഞ്ഞത്. സമരാഗ്‌നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയില്‍ പ്രവേശിക്കും.
കെ സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എം പി കെ സുധാകരനു പകരം കെ സുരേന്ദ്രനു സ്വാഗതം പറഞ്ഞതുമെല്ലാം കഴിഞ്ഞ ദിവസം സമരാഗ്നിയാത്രക്ക് വലിയ നാണക്കേടായിരുന്നു.