Connect with us

Ongoing News

ആദായ നികുതി ഇളവ്: കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുണം ലഭിക്കില്ലെന്ന് വിലയിരുത്തല്‍

നികുതിയിളവു ലഭിക്കുന്ന പരിധി അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ ഗുണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസകരമാവുമെന്ന തരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവുകളുടെ ഗുണം ഉയര്‍ന്ന വരുമാനക്കാരായ ബിസിനസുകാര്‍ക്കു മാത്രമേ ലഭിക്കൂവെന്ന് വിലയിരുത്തല്‍. നികുതിയിളവു ലഭിക്കുന്ന പരിധി അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ ഗുണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കില്ലെന്നാണ് ടാക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന.

പഴയതും പുതിയതുമായ നികുതി ഘടനയിലുള്ളവര്‍ക്ക് മുമ്പ് പരിധി അഞ്ച് ലക്ഷം രൂപയായിരുന്നു. പഴയ നികുതി ഘടനയിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കാത്ത എല്ലാവരും പുതിയ നികുതി ഘടനയിലേക്കു മാറും.

ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ ധനമന്ത്രി ‘പുതിയ സ്‌കീം’ കൂടി സൂചിപ്പിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചു. കേന്ദ്രസര്‍ക്കാര്‍ പുതിയ നികുതി സംവിധാനം അവതരിപ്പിച്ചിട്ടും ഭൂരിഭാഗം ആളുകളും ഇതിലേക്കു മാറാന്‍ തയാറായിരുന്നില്ല. പഴയ സ്‌കീമില്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീസ് എന്നിവക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമില്‍ ലഭിക്കില്ല എന്നതുകൊണ്ടായിരുന്നു മാറാന്‍ തയ്യാറാവാതിരുന്നത്.

മുമ്പ് വ്യക്തികള്‍ക്ക് ഇഷ്ടം അനുസരിച്ച് പുതിയ സ്‌കീമിലേക്കു മാറാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പുതിയ സ്‌കീം നടപ്പാക്കുമെന്നും പഴയ നികുതി നിര്‍ണയ രീതിയില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന്‍ നല്‍കണമെന്നുമാണ് പ്രഖ്യാപിച്ചത്.

പുതിയ സ്‌കീമിലേക്ക് മാറിയാല്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷം രൂപ വരെ ഉള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍, ഏഴു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ മൂന്നു ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടിവരും.

പുതിയ സ്‌കീമില്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീ തുടങ്ങിയവക്കൊന്നും ഇളവില്ല. ഇടത്തരക്കാര്‍ക്ക് അനുകൂലമായ നികുതി ഇളവ് എന്ന നിലയിലാണു പ്രഖ്യാപനമെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊന്നും ഈ ആനുകൂല്യം ഉപകരിക്കില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുതിയ സ്‌കീമിലേക്കു മാറുന്ന ഇടത്തരക്കാര്‍ ആദായനികുതി ഇളവിനായുള്ള നിക്ഷേപ സാധ്യതകള്‍ക്കുപരിയായി പണം കൂടുതല്‍ വിനിയോഗിക്കുമെന്നത് പൊതുവിപണിയില്‍ കൂടുതല്‍ പണമെത്താന്‍ സഹായിക്കുമെന്നും നികുതിരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ആദായനികുതി ഘടനപ്രകാരം മൂന്നു ലക്ഷം രൂപ വരെ ആദായനികുതി നല്‍കേണ്ടതില്ല. മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെ അഞ്ചു ശതമാനവും ആറു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം വരെ 10 ശതമാനവും ഒമ്പതു മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. 15 ലക്ഷത്തിനു മേല്‍ ആദായനികുതി 30 ശതമാനമായിരിക്കും.

വരുമാന നികുതിക്ക് 2.5 ലക്ഷം രൂപ മുതല്‍ ആറു നികുതി സ്ലാബുകളാണ് ഉണ്ടായിരുന്നത്. ഇതാണു മൂന്നു ലക്ഷം രൂപ മുതല്‍ എന്ന കണക്കില്‍ അഞ്ചു സ്ലാബുകളാക്കിയത്. ഒമ്പതു ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് 45,000 രൂപയാകും ആദായനികുതി നല്‍കേണ്ടി വരിക. നേരത്തെ ഇത് 60,000 രൂപ യായിരുന്നു. നിലവില്‍ 15 ലക്ഷം രൂപ വരുമാനമുള്ളയാള്‍ക്ക് 1,87,500 രൂപ ആദായനികുതി നല്‍കേണ്ടിയിരുന്നു. ഇത് പുതിയ നികുതിഘടന പ്രകാരം 1,50,000 രൂപ മതിയാകും.

വിരമിക്കുമ്പോള്‍ ലീവ് എന്‍കാഷ്മെന്റില്‍ സര്‍ക്കാരിതര മേഖലയില്‍ മൂന്നു ലക്ഷമായിരുന്ന നികുതിയിളവു പരിധി 25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

 

Latest