Connect with us

ആരോഗ്യം

വേനൽച്ചൂടിൽ കരുതലോടെ...

Published

|

Last Updated

വേനൽച്ചൂട് കനക്കുമ്പോൾ വാടിത്തളരാതിരിക്കാൻ ഭക്ഷണകാര്യത്തിൽ നാം ചില മുൻകരുതലുകൾ സ്വീകരിച്ചേ മതിയാകൂ.
പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില നിർജലീകരണത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഇത് പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് തടസ്സമാകുന്നു. കൂടാതെ ദഹനക്കേട്, ഭക്ഷ്യ വിഷബാധ, ശരീരത്തിൽ ജീവകങ്ങളുടെയും ധാതുക്കളുടെയും കുറവുകൾ എന്നിവക്കുള്ള സാധ്യതയും വർധിക്കുന്നു. അതിനാൽ എളുപ്പത്തിൽ ദഹിക്കുന്നതും ശരീരം തണുപ്പിക്കുന്നതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. തന്നെയുമല്ല സമീകൃതമായി ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

ശരീരത്തിന്റെ സാധാരണ നിലയിലുള്ള വളർച്ചക്കാവശ്യമായ അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുക്കൾ, ജീവകങ്ങൾ എന്നിവ അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഇതിന് പുറമേ വെള്ളത്തിനും നാരുകൾക്കും പ്രാധാന്യം നൽകുക. വെള്ളം കുടിക്കുന്നത് ദാഹത്തെ ആശ്രയിച്ച് മാത്രമായിരിക്കരുത്.

ഭക്ഷണത്തിന്റെ ഗുണനിലവാരം, ശരിയായ അളവ് എന്നിവക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ലഘുവായ രീതിയിൽ ഇടവിട്ട് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ചൂടും ഈർപ്പവും ഉയരുമ്പോൾ നല്ല അളവിൽ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കേണ്ടത്. നമ്മുടെ ഇടനേരങ്ങൾ എണ്ണ പലഹാരങ്ങൾക്കും പാക്കറ്റ് ഫുഡുകൾക്കും മാത്രമായി മാറ്റിവെക്കാതെ പച്ചക്കറി സാലഡുകൾ ഉൾപ്പെടുത്തുക. വേവിക്കാതെ ഉപയോഗിക്കുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ജലാംശം, പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. കക്കിരി, കാബേജ്, തക്കാളി, ചെറുനാരങ്ങ, മുളപ്പിച്ച പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയൊക്കെ സാലഡിൽ ഉൾപ്പെടുത്താം.

വേനൽ തളർച്ചയിൽ വിശപ്പും ക്ഷീണവും അകറ്റി ഊർജം നൽകാൻ പഴങ്ങൾ അത്യുത്തമമാണ്. കാലാനുസൃതമായി നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന പഴങ്ങൾക്ക് വേണം പ്രാധാന്യം കൊടുക്കാൻ. മാങ്ങ, ചക്കപ്പഴം, തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, പപ്പായ, ആപ്പിൾ, പൈനാപ്പിൾ എന്നിവ കഴിക്കുന്നതിലൂടെ അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

ജീവകങ്ങളും ധാതു ലവണങ്ങളും ധാരാളം അടങ്ങിയ കരിക്കിൻ വെള്ളം, മോരിൻ വെള്ളം, പുതിന വെള്ളം, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മുത്താറി വെള്ളം, കൂവ്വ വെള്ളം, ഉലുവ വെള്ളം, പച്ചക്കറി സൂപ്പുകൾ, മധുരം ചേർക്കാത്ത ജ്യൂസുകൾ എന്നിവ ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാനും ഉന്മേഷം പ്രദാനം ചെയ്യാനും ഇത്തരം പാനീയങ്ങൾ സഹായകമാണ്.
വേനൽ അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്ന ഈ ദിനങ്ങളിൽ നമ്മുടെ വഴിയോരങ്ങളിൽ ശീതളപാനീയങ്ങളുടെ വിപണി ഉണർന്നു പ്രവർത്തിക്കുകയാണ്. പല വർണങ്ങളിലും രുചിയിലും നമ്മുടെ മനസ്സിനെ കീഴടക്കാൻ കെൽപ്പുള്ള ഇത്തരം പാനീയങ്ങൾ താത്കാലികാശ്വാസത്തിന് മാത്രമാണെന്ന് തിരിച്ചറിയുക. കൃത്രിമ പദാർഥങ്ങളും എസ്സെൻസും ചേർത്തുണ്ടാക്കുന്നതിനാൽ തന്നെ ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഏറെയാണ്. ചായ, കാപ്പി എന്നിവയുടെ അമിതോപയോഗം കുറയ്ക്കണം.

ബേക്കറി പലഹാരങ്ങൾ, മിഠായി, വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നീ അമിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. ഉയർന്ന അളവിൽ ഉപ്പ് കലർന്ന ഭക്ഷണങ്ങളായ പപ്പടം, അച്ചാർ, ബിസ്‌ക്കറ്റ്സ്, ടിൻ ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കുക. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ആരോഗ്യകരമായ ശീലങ്ങളിലേക്കുള്ള കാൽവെപ്പാകട്ടെ ഈ വേനൽക്കാലവും.

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം, കേരള

Latest