Connect with us

International

ഇമ്രാൻ ഖാന് പാക് അധീന കാശ്മീരിലും തിരിച്ചടി; പ്രധാനമന്ത്രി അബ്ദുൽ ഖയ്യൂം നിയാസിയും രാജിവെച്ചു

പാർട്ടിയിലെ ആഭ്യന്തര കലഹമാണ് അബ്ദുൽ ഖയ്യൂമിന്റെ രാജിയിലേക്ക് നയിച്ചത്.  

Published

|

Last Updated

ഇസ്‍ലാമാബാദ് |ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് പാക് അധീന കശ്മീരിലും കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തെ തുടർന്ന് പാക് അധീന കാശ്മീരിലെ പ്രധാനമന്ത്രി അബ്ദുൾ ഖയ്യൂം നിയാസിക്കും രാജിവെക്കേണ്ടി വന്നു. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് അബ്ദുൽ ഖയ്യൂമിന്റെ രാജിയിലേക്ക് നയിച്ചത്.

പിടിഐയുടെ 25 എംഎൽഎമാർ നിയാസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. തുടർന്ന് അദ്ദേഹം വ്യാഴാഴ്ച പ്രസിഡന്റ് സുൽത്താൻ മുഹമ്മദ് ചൗധരിക്ക് രാജിക്കത്ത് നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 16(1) പ്രകാരം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് നിയാസി രാജിക്കത്തിൽ വ്യക്തമാക്കി. നിയാസിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതായി രാഷ്ട്രപതിയുടെ സെക്രട്ടറി ഡോ. ആസിഫ് ഹുസൈൻ ഷാ ചൗധരി അറിയിച്ചു.

നേരത്തെ, അവിശ്വാസ പ്രമേയത്തിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്ന് നിയാസി ഇസ്ലാമാബാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷമാണ് നിയാസി പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയായത്. അന്ന് ഇവിടെ നടന്ന തെരഞ്ഞെടുപ്പിൽ 53ൽ 32 സീറ്റും പിടിഐ നേടിയിരുന്നു.