cpi
അനധികൃത സ്വത്ത് സമ്പാദനം: സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ സ്ഥാനത്തുനിന്നു നീക്കി
മുല്ലക്കര രത്‌നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല
പത്തനംതിട്ട | സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ സ്ഥാനത്തുനിന്നു നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നടപടി.
മുല്ലക്കര രത്‌നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല. എ പി ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ നാലംഗ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയുണ്ടായത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കാനും തീരുമാനമായി.
പാര്‍ട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ പി ജയന്‍ പ്രതികരിച്ചു. താന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയന്‍ പറഞ്ഞു. പാര്‍ട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും ജയന്‍ പ്രതികരിച്ചു.