Connect with us

Kerala

പുറത്ത് വിടാനാകില്ല; വി എ അരുണ്‍ കുമാര്‍ കൈപ്പറ്റിയ ശമ്പള വിവരം രഹസ്യ രേഖയാക്കി ഐ എച്ച് ആര്‍ ഡി

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി കത്തിലാണ് ഐ എച്ച് ആര്‍ ഡി നിലപാട് അറിയിച്ചത്.

Published

|

Last Updated

ആലപ്പുഴ | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ ഡോ. വി എ അരുണ്‍ കുമാര്‍ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന കാലയളവില്‍ ശമ്പളമായി കൈപ്പറ്റിയ തുകയെ പറ്റിയുള്ള വിവരം വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാന്‍ കഴിയില്ലെന്ന് ഐ എച്ച് ആര്‍ ഡി ഔദ്യോഗികമായി വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി കത്തിലാണ് ഐ എച്ച് ആര്‍ ഡിയുടെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചത്. ഐ എച്ച് ആര്‍ ഡി ഡയറക്ടറായി വി എ അരുണ്‍ കുമാര്‍ പ്രവര്‍ത്തിച്ച കാലയളവ് ഏതാണെന്നും അദ്ദേഹം ഓരോ മാസവും കൈപ്പറ്റിയ ശമ്പളം എത്രയാണെന്നും ശമ്പളത്തിന് പുറമെ ആനുകൂല്യമായി കൈപ്പറ്റിയ തുക എത്രയാണെന്നുമുള്ള വിവരമാണ് തേടിയിരുന്നത്.

ഡോ. വി എ അരുണ്‍ കുമാര്‍ 2023 ജൂണ്‍ മൂന്നാം തീയതി മുതല്‍ 2026 ജൂലൈ ഏഴാം തീയതി വരെ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചിരുന്നതായും വേതനം എന്നത് ഒരാളുടെ സ്വകാര്യത ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുവാന്‍ കഴിയില്ലെന്നുമുള്ള വിവരം ഖേദപൂര്‍വം അറിയിച്ചു കൊണ്ടുള്ള കത്താണ് ഐ എച്ച് ആര്‍ ഡി യിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് ശോഭന നല്‍കിയത്. ഡയറക്ടറുടെ അധിക ചുമതലയുമായി ബന്ധപ്പെട്ട് ഒരു ആനുകൂല്യവും ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കൈപ്പറ്റിയിരുന്നില്ലെന്നും ഐ എച്ച് ആര്‍ ഡി വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്നും വിനിയോഗിക്കുന്ന പണത്തെ സംബന്ധിച്ച വിവരം സ്വകാര്യതയാകുന്നില്ലെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് പ്രതികരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിവരം രഹസ്യ രേഖയാണെന്നും അത് മറച്ചുവെക്കണമെന്നും വിവരാവകാശ നിയമം നിര്‍ദേശിക്കുന്നില്ല. വിവരാവകാശ നിയമത്തിലെ സ്വകാര്യതയെന്ന നിര്‍വചനത്തെ വിവരങ്ങള്‍ പുറത്ത് വരാതിരിക്കുവാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇത്തരം വിവരാവകാശ മറുപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും ജയ്‌സിങ് പറഞ്ഞു.

Content Highlights:
IHRD has classified salary information regarding V A Arun Kumar as confidential, rejecting an RTI request. The institute cited privacy exemptions under Section 8(1)(j) for withholding the details. The decision has sparked fresh debate over transparency in public appointments and salary records.

Latest