Connect with us

Kerala

പ്രളയക്കെടുതി: എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ ജില്ലാ ഭരണകൂടത്തിന് അധികാരം നൽകിയെന്ന് മുഖ്യമന്ത്രി

പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു. 2018 ലെയും 2019 ലെയും വലിയ പ്രളയത്തിന് ശേഷം പമ്പ ഉൾപ്പെടെ നദികളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാത്തതാണ് ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ പ്രളയ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടുണ്ടെന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ്, എം എൽ എ മാർ, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പത്തനംതിട്ടയിൽ നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 6400 ലധികം ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. തിരുവല്ല ഭാഗത്താണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്. വെള്ളം ഒഴിഞ്ഞുപോകാൻ വൈകുന്നതാണ് ഇവിടെ പ്രധാന പ്രതിസന്ധി സൃഷ്ടിക്കുന്നത്. ക്യാമ്പുകളിൽ ഏറ്റവും ശുചിയായ രീതിയിൽ ഭക്ഷണം ഉറപ്പാക്കാനും ആവശ്യമായ സ്ഥലങ്ങളിൽ ബയോ ടോയ്ലറ്റുകളും ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനവും ക്യാമ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ഒഴിഞ്ഞശേഷം തിരികെ വീടുകളിലേക്ക് പോകുന്നവർക്ക്, വെള്ളം കയറിയ വീടുകൾക്ക് പതിനായിരം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആറൻമുളയിൽ നിന്നുള്ള ആകാശ ദൃശ്യം

2018 ലെയും 2019 ലെയും വലിയ പ്രളയത്തിന് ശേഷം പമ്പ ഉൾപ്പെടെ നദികളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാത്തതാണ് ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. പുഴകളുടെ ആഴം കുറഞ്ഞത് മൂലം വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലം കുറവാണ്. അടിയന്തരമായി മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ സംസ്ഥാനത്തുടനീളം സ്വീകരിക്കുമെന്നും ഇതിൽ മുൻഗണന പത്തനംതിട്ട ജില്ലയ്ക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് റെസീലിയൻസ് സിസ്റ്റം പൈലറ്റ് പ്രോജക്ടായി പത്തനംതിട്ടയിൽ നടപ്പിലാക്കും. കൊച്ചി സർവ്വകലാശാല, ഹ്യൂം സെന്റർ തുടങ്ങിയ ഏജൻസികളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും (എ ഐ) കൂടുതൽ റെയിൻ ഗേജ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുമെന്നും അറിയിച്ചു.

Content Highlights:
The Kerala government granted full authority to the Pathanamthitta district administration to spend unlimited funds for flood relief. Over 6,400 people are housed in 133 camps. Financial aid will be given to flood-affected homes, and AI-driven weather warning systems and river desilting will be implemented.

Latest