Connect with us

National

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; വൻ കുലുക്കത്തിൽ യാത്രക്കാർക്ക് പരുക്ക്

വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമായത്.

Published

|

Last Updated

ന്യൂഡൽഹി | ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ആകാശച്ചുഴിയിൽപെട്ടു. ഇതേ തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും (Turbulence) പെട്ട് ചില യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

എയർബസ് എ320 ഇനത്തിൽപ്പെട്ട എഐ 2379 വിമാനത്തിൽ 134 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ 11 മണിക്ക് ശേഷമാണ് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. പരിക്കേറ്റ 10 ഓളം യാത്രക്കാരെയും രണ്ട് ജീവനക്കാരെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കൽ സെന്ററിലേക്ക് മാറ്റി പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയരാക്കി.

ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 2379 വിമാനത്തിൽ യാത്രയ്ക്കിടയിൽ ചെറിയ രീതിയിലുള്ള ടർബുലൻസ് അനുഭവപ്പെടുകയും ഉയരത്തിൽ താൽക്കാലിക മാറ്റമുണ്ടാവുകയും ചെയ്തതായി എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതായും അധികൃതർ വ്യക്തമാക്കി.

ആർക്കും ഗുരുതരമായ പരിക്കുകളില്ല. നിസ്സാര പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

Content Highlights:
An Air India flight (AI 2379) carrying 134 passengers from Phuket to Delhi experienced severe in-flight turbulence during descent, causing a sudden altitude change and minor injuries to some passengers and crew members. The aircraft landed safely at Delhi airport around 11 am, and the injured received medical evaluation.

Latest