Ongoing News
തൊഴില്‍ നൈപുണ്യ പരിശോധന: സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധം
2026 ആഗസ്റ്റ് മൂന്ന് മുതല്‍ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ പ്രൈവറ്റ് കാര്‍ ഡ്രൈവര്‍ തസ്തികക്കാണ് നിയമം ബാധകമാക്കിയിരിക്കുന്നത്.
ദമാം | തൊഴില്‍ നൈപുണ്യ പരിശോധനാ പരിപാടിയുടെ ഭാഗമായി സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവര്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുംബൈയിലെ സഊദി കോണ്‍സുലേറ്റ് പുറത്തിറക്കി.
പ്രൈവറ്റ് കാര്‍ ഡ്രൈവറിന്റെ തൊഴില്‍ കോഡായ 9141055 എന്ന തസ്തികയാണ് 2026 ആഗസ്റ്റ് നാല് മുതല്‍ തൊഴില്‍ നൈപുണ്യ പ്രോഗ്രാമിന് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോണ്‍സുലേറ്റ്, അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ വിപണിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
2026 ആഗസ്റ്റ് മൂന്ന് മുതല്‍ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ പ്രൈവറ്റ് കാര്‍ ഡ്രൈവര്‍ തസ്തികക്കാണ് നിയമം ബാധകമാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം മുസാനെദ് പ്ലാറ്റ്ഫോം വഴി വിസ അനുവദിക്കുന്നതിന് സ്‌കില്‍ ടെസ്റ്റ് യോഗ്യത നേടുന്നവര്‍ക്ക് മാത്രമായിരിക്കും വിസ സ്റ്റാമ്പിങ് ലഭിക്കുക. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പരിശോധിക്കാനും വിസാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:
Saudi Arabia has made the Skill Verification Test mandatory for house drivers entering the country. The initiative aims to ensure professional competence and enhance recruitment standards across the domestic labor sector. The new rule applies to foreign recruitment procedures.





