Connect with us

National

വിടുവായത്തം പറഞ്ഞാല്‍ നാവ് മുറിക്കും; ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് തെലങ്കാന മുഖ്യമന്ത്രി

കര്‍ഷകരോട് മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് റാവു പ്രതികരിച്ചത്.

Published

|

Last Updated

ഹൈദരാബാദ്| നെല്ല് സംഭരണ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. വിടുവായത്തം പറഞ്ഞാല്‍ നിങ്ങളുടെ നാക്ക് അരിഞ്ഞുകളയുമെന്ന് റാവു ബി.ജെ.പി നേതാക്കളോട് പറഞ്ഞു. കര്‍ഷകരോട് മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് റാവു പ്രതികരിച്ചത്.

തെലങ്കാനയിലെ കര്‍ഷകരെ വഞ്ചിക്കാനോ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെല്‍വിളകള്‍ സംഭരിക്കുമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷരെ കബളിപ്പിച്ചു. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടു ഞാന്‍ ആശങ്ക അറിയിച്ചിരുന്നു. തീരുമാനം അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതുവരെ ഒരു അറിയിപ്പും ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അധികം നെല്ല് ഇപ്പോള്‍ തന്നെയുണ്ട്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിച്ച റാവു ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണക്കുന്നതായും പറഞ്ഞു. ബി.ജെ.പി കര്‍ഷകരെ കാറിടിച്ചു കൊല്ലുന്നു, കര്‍ഷകരെ അടിച്ചുകൊല്ലാനാണ് ഒരു ബി.ജെ.പി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. പെട്രോളിനും ഡീസലിനും ചുമത്തിയ സെസ് കേന്ദ്രം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.