Connect with us

Kerala

വളവുകൾ നിവർത്തിയാൽ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് കേരളത്തിലേക്കും

വന്ദേഭാരത് സെമി ഹൈസ്പീഡ് തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തും പ്രതീക്ഷ ഉയരുന്നത്

Published

|

Last Updated

പാലക്കാട് | കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത്  ട്രെയിന്‍ കേരളത്തില്‍ വരാന്‍ സാധ്യത തെളിയുന്നു ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് സെമി ഹൈസ്പീഡ് തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തും പ്രതീക്ഷയുടെ ട്രാക്കൊരുങ്ങുന്നത്.

വന്ദേഭാരത് ട്രെയിനിന് വളവുകളും തിരിവുകളും സാങ്കേതികബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും  സംസ്ഥാനത്ത് പാതയിലെ വളവുകള്‍ നിവര്‍ത്തിയെടുക്കാനുള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ഷൊര്‍ണൂര്‍- എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടാന്‍ സാധിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. നിലവില്‍ പാലക്കാട്- ഷൊര്‍ണൂർ‍- കോഴിക്കോട് റൂട്ടില്‍ ട്രാക്കുകള്‍ ബലപ്പെടുത്തിയാല്‍ വന്ദേഭാരത് ട്രെയിന്‍ ഓടാനുള്ള സൗകര്യം ഒരുങ്ങും. മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് കോച്ചുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് സംവിധാനമൊരുക്കാന്‍ ദക്ഷിണ റെയില്‍വേ ദര്‍ഘാസ് വിളിച്ചതോടെയാണ് കേരളത്തിന് പ്രതീക്ഷയേറിയത്. ബുള്ളറ്റ് ട്രെയിനിന് സമാനമായ അതിവേഗ വന്ദേഭാരത് തീവണ്ടി സർവീസ് ചെന്നൈ-മൈസൂരു റൂട്ടിലാണ് ദക്ഷിണ റെയില്‍വേ ആദ്യം ആരംഭിച്ചത്.

രണ്ടാമത്തെ സര്‍വീസ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഇതിന്റെ സമയപ്പട്ടികയും സ്റ്റോപ്പുകളും റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സേലം, തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ എന്നീ അഞ്ച് സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ചെന്നൈ-കോയമ്പത്തൂര്‍ 495 കിലോമീറ്റര്‍ യാത്രക്ക് നിലവിൽ ഏഴര മണിക്കൂര്‍ വേണ്ടിവരുമ്പോള്‍ വന്ദേഭാരത് തീവണ്ടിക്ക് ആറര മണിക്കൂര്‍ മതിയാകും. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റർ വരെയാണ് വേഗത. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് രണ്ട് മണിക്കൂര്‍ മാത്രം മതിയാകും. ചുരുങ്ങിയ ചെലവില്‍ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്.

വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകള്‍ സൂക്ഷിക്കുക.പിന്നോട്ടു നീക്കാവുന്ന സീറ്റുകള്‍ സുഖയാത്രയൊരുക്കും. യാത്രക്കിടയില്‍ വിശപ്പുമാറ്റാന്‍ പലഹാരവും ചായയും സൗജന്യം. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം. എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകള്‍ 180 ഡിഗ്രി വരെ തിരിയാന്‍ പാകത്തിലുള്ളവയാണ്. ട്രെയിന്‍ പാളംതെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കമുള്ള സുരക്ഷയിലും വിട്ടുവീഴ്ചയില്ല.

16 കോച്ചുകളുള്ളതില്‍ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്. എല്ലാ കോച്ചുകളും സി സി ടി വി നിരീക്ഷണത്തിലാണ്. കേരളത്തിലെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലായതോടെ വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്്. സംസ്ഥാനത്തെ ജനപ്രതിനിധികളടക്കം ഇതിനായി ശക്തമായ സമ്മർദം ചെലുത്തണമെന്ന് റെയില്‍വേ പാസ്സഞ്ചഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെടുന്നു.

Latest