Connect with us

Kerala

ആളുകളെ വില കുറച്ച് കണ്ടാല്‍ മെസിക്ക് പറ്റിയത് പറ്റും; തരൂരിനെ പിന്തുണച്ച് വീണ്ടും കെ മുരളീധരന്‍

ബലൂണ്‍ ചര്‍ച്ചയൊന്നും ഇപ്പോള്‍ ആവശ്യമില്ല

Published

|

Last Updated

കോഴിക്കോട് |  ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് കെ മുരളീധരന്‍ . മൂന്ന് ദിവസമായി തുടരുന്ന മലബാര്‍ പര്യടനത്തിനിടെ യാതൊരുവിധ വിഭാഗീയതയും ശശി തരൂര്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. സഊദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂണ്‍ ചര്‍ച്ചയൊന്നും ഇപ്പോള്‍ ആവശ്യമില്ല. അത് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എംകെ രാഘവന്‍ എംപിക്ക് ആവശ്യപ്പെടാം. അതില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച് വന്നവര്‍ മാത്രമല്ല സ്ഥാനങ്ങളില്‍ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂര്‍ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമര്‍ശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്ന പരിപാടിയാണ്- കെ മുരളീധരന്‍ പറഞ്ഞു

Latest