National
ഛത്തീസ്ഗഢിൽ ഐ ഇ ഡി സ്ഫോടനം; മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
കോന്ത-എറബൂർ റോഡിലെ ഡോൺഡ്ര ഗ്രാമത്തിന് സമീപം സേനാംഗങ്ങൾ കാൽനടയായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

സുക്മ | ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച പ്രഷർ ഐ ഇ ഡി (Improvised Explosive Device) പൊട്ടിത്തെറിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഏതാനും ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എ എസ് പി-കോന്താ ഡിവിഷൻ) ആകാശ് റാവു ഗിരിപുഞ്ചെയാണ് മരിച്ചത്.
കോന്ത-എറബൂർ റോഡിലെ ഡോൺഡ്ര ഗ്രാമത്തിന് സമീപം സേനാംഗങ്ങൾ കാൽനടയായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. നക്സലൈറ്റുകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദിന്റെ പശ്ചാത്തലത്തിലാണ് പട്രോളിംഗ് ആരംഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടനത്തിൽ എ എസ് പിക്കും മറ്റ് ചില പോലീസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും കോന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എ എസ് പി മരണത്തിന് കീഴടങ്ങുകയായിരുന്നു.