Connect with us

Uae

പാസ്പോർട്ട് ഫീസ് വർധന പുനഃപരിശോധിക്കണം, ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രത്യേക സംവരണം വേണം: ഐ സി എഫ്

പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും നിവേദനം നൽകി

Published

|

Last Updated

അബൂദബി| വിദേശ ഇന്ത്യക്കാരുടെ പാസ്പോർട്ട് ഫീസ് വർധന ഉടൻ പുനഃപരിശോധിക്കണമെന്നും ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസികൾക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഈ രണ്ട് നിർണായക വിഷയങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ, ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങൾക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും സംഘടന നിവേദനം നൽകി.

ഇന്ത്യൻ പൗരന്മാർ വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന പാസ്പോർട്ട് സേവനങ്ങൾക്ക് അടുത്തിടെ ഏർപ്പെടുത്തിയ ഫീസ് വർധന വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്ക് ബാധകമായ നിരക്കുകളിൽ കുറഞ്ഞത് 50 ശതമാനം കുറവ് വരുത്താൻ സർക്കാർ തയാറാകണം. ഇന്ത്യയിൽ 36 പേജുള്ള സാധാരണ പാസ്പോർട്ടിന് ഏകദേശം 2,500 രൂപയാണെങ്കിൽ വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ ഇതിനായി 13,500 ൽ അധികം രൂപ നൽകേണ്ടി വരുന്നു. 60 പേജുള്ള പാസ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 3,500 രൂപയുള്ളപ്പോൾ വിദേശത്ത് 18,000 രൂപ വരെയാണ് ഈടാക്കുന്നത്.

ഒരേ സർക്കാർ സേവനത്തിനായി വിദേശത്തുള്ള ഇന്ത്യക്കാർ അഞ്ചിരട്ടിയിലധികം തുക നൽകേണ്ടി വരുന്നത് നീതിയുക്തമല്ല. പാസ്പോർട്ട് ഒരു വാണിജ്യ ഉത്പന്നമല്ലെന്നും ഗൾഫിലെ സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോട് കൂടുതൽ കരുതലോടെ സമീപിക്കണമെന്നും ഐ സി എഫ് ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ദീർഘകാല പാക്കേജുകൾ പ്രവാസികളുടെ തൊഴിലിനെയും അവധിയെയും ബാധിക്കാറുണ്ട്. കൂടാതെ, ജോലി ചെയ്യുന്ന രാജ്യങ്ങളിലെ കർശനമായ ക്വാട്ടാ സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം പല പ്രവാസികൾക്കും അവിടെ നിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് ഇന്ത്യ വഴി ഹജ്ജിന് പോകുക മാത്രമാണ് ഏക പോംവഴി. ഈ സാഹചര്യത്തിൽ ഹ്രസ്വകാല ഹജ്ജ് പാക്കേജിലെ ആകെ സീറ്റുകളുടെ 50 ശതമാനം വരെ അർഹരായ പ്രവാസി അപേക്ഷകർക്കായി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി എഫ് കത്തയച്ചു. പ്രവാസികളുടെ യാത്രാക്ലേശങ്ങളും പരിമിതികളും പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Content Highlights:
The Indian Cultural Foundation demanded a reduction in the increased passport fees for overseas citizens. They requested a 50 percent fee cut as NRIs currently pay over five times more than domestic applicants. ICF also urged the government to reserve seats for expats in the short-term Haj package.

 

---- facebook comment plugin here -----