From the print
ഐ സി സി 'പ്ലെയര്‍ ഓഫ് ദ മന്ദ്'; പട്ടികയില്‍ ഷമിയും
ആസ്ത്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലും ചുരുക്കപ്പട്ടികയില്‍ ഇടംനേടി

ന്യൂഡല്‍ഹി | ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ നവംബര്‍ മാസത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ആസ്ത്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലും ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
24 വിക്കറ്റുകള്‍ വീഴ്ത്തി ഷമി ലോകകപ്പ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഇവയില്‍ 15 വിക്കറ്റുകളും നവംബര്‍ മാസത്തിലായിരുന്നു. അന്തിമ ഇലവനില്‍ ഇടംനേടാന്‍ വൈകിയ ഷമി ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയാണ് നവംബര്‍ മാസം ആരംഭിച്ചത്. 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പിഴുതത്.
ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഫൈനലിലും ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനലിലും പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ട്രാവിസ് ഹെഡിന് തുണയായത്. ലോകകപ്പില്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് 44 ശരാശരിയില്‍ 220 റണ്‍സാണ് ഹെഡ് നേടിയത്.
201 റണ്‍സെടുത്ത് അഫ്ഗാനിസ്ഥാനെതിരെ നേടിയ ലോകകപ്പ് വിജയവും 104 റണ്‍സുമായി ഇന്ത്യക്കെതിരായ ടി20 ജയവും ഉള്‍പ്പെടെയുള്ള പ്രകടനം മാക്സ് വെല്ലിനെ പരിഗണിക്കാന്‍ കാരണമായി. കഴിഞ്ഞ മാസം 152.23 സ്‌ട്രൈക്ക് റേറ്റില്‍ 204 ശരാശരിയില്‍ 204 റണ്‍സാണ് ഏകദിനങ്ങളില്‍ മാക്‌സ്‌വെല്‍ നേടിയത്.