Editors Pick
ഗൂഗിൾ ക്രോമിലെ ഈ രഹസ്യ സെറ്റിംഗ്സ് മാറ്റൂ; ഇൻ്റർനെറ്റ് ബ്രൗസിംഗ് സൂപ്പർഫാസ്റ്റാകും
ഇൻ്റർനെറ്റ് വേഗത കുറവുള്ളവർക്കും ഒരേസമയം ഒന്നിലധികം ടാബുകൾ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഏറെ സഹായകരമാണ് പ്രീലോഡ് പേജസ് എന്ന ഫീച്ചർ
സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഗൂഗിൾ ക്രോം ഉപയോഗിച്ച് വെബ് ബ്രൗസ് ചെയ്യുന്നവർക്ക് വേഗത വർധിപ്പിക്കാനായി ഒരു ലളിതമായ വഴി ലഭ്യമാണ്. ക്രോം ബ്രൗസറിലുള്ള പ്രീലോഡ് പേജസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ബ്രൗസിംഗ് വേഗത വലിയ തോതിൽ വർധിപ്പിക്കാൻ സാധിക്കും. ഉപയോക്താക്കൾ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് തന്നെ പശ്ചാത്തലത്തിൽ വെബ്സൈറ്റുകൾ ലോഡ് ചെയ്ത് വെക്കുന്ന രീതിയിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
ഉപയോക്താക്കൾ അടുത്തതായി ഏത് പേജാണ് സന്ദർശിക്കാൻ സാധ്യതയെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് ക്രോം പശ്ചാത്തലത്തിൽ പേജുകൾ തയ്യാറാക്കി വെക്കുന്നത്. ബ്രൗസിംഗ് സിഗ്നലുകളും സ്റ്റോർ ചെയ്ത കുക്കികളും ഉപയോഗിച്ചാണ് ക്രോം ഈ പ്രവചനം നടത്തുന്നത്. ഇൻ്റർനെറ്റ് വേഗത കുറവുള്ളവർക്കും ഒരേസമയം ഒന്നിലധികം ടാബുകൾ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഏറെ സഹായകരമാണ്. ആൻഡ്രോയിഡ്, ഐഫോൺ, വിൻഡോസ്, മാക് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ സേവനം ലഭ്യമാണ്.

പ്രീലോഡ് പേജസിൽ സ്റ്റാൻഡേർഡ് പ്രീലോഡിംഗ്, എക്സ്റ്റൻഡഡ് പ്രീലോഡിംഗ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ എക്സ്റ്റൻഡഡ് പ്രീലോഡിംഗ് തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ പേജുകൾ മുൻകൂട്ടി ലോഡ് ചെയ്യപ്പെടുകയും ബ്രൗസിംഗ് കൂടുതൽ വേഗത്തിലാകുകയും ചെയ്യും.
ഈ ഫീച്ചർ ഓൺ ചെയ്യേണ്ട വിധം:
ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക്:
ക്രോം ബ്രൗസർ തുറന്ന് മുകളിൽ വലതുഭാഗത്തുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സ് തുറക്കുക. അതിൽ പെർഫോമൻസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് പ്രീലോഡ് പേജസ് ഓൺ ചെയ്യുക. കൂടുതൽ വേഗതയ്ക്കായി എക്സ്റ്റൻഡഡ് പ്രീലോഡിംഗ് തെരഞ്ഞെടുക്കാവുന്നതാണ്.
മൊബൈൽ ഉപയോക്താക്കൾക്ക്:
ക്രോം ആപ്പ് തുറന്ന് ത്രീ ഡോട്ട് മെനുവിൽ പോയി സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്നതിൽ ടാപ്പ് ചെയ്ത് പ്രീലോഡ് പേജസ് തുറക്കുക. അവിടെ ആവശ്യാനുസരണം സ്റ്റാൻഡേർഡ് അല്ലെങ്കിൽ എക്സ്റ്റൻഡഡ് പ്രീലോഡിംഗ് സെലക്ട് ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യം:
പേജുകൾ പശ്ചാത്തലത്തിൽ മുൻകൂട്ടി ലോഡ് ചെയ്യുന്നതിനാൽ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ മൊബൈൽ ഡാറ്റയും ഡിവൈസ് മെമ്മറിയും ചെറിയ തോതിൽ കൂടുതൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പരിമിതമായ ഡാറ്റാ പ്ലാൻ ഉള്ളവർ എക്സ്റ്റൻഡഡ് മോഡിന് പകരം സ്റ്റാൻഡേർഡ് മോഡ് ഉപയോഗിക്കുന്നതായിരിക്കും ഉചിതം. എക്സ്ട്രാ ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ വെബ്സൈറ്റുകൾ വേഗത്തിൽ തുറക്കാൻ ഈ ഹിഡൻ സെറ്റിംഗ്സ് സഹായിക്കും.
Content Highlights
Google Chrome has a hidden feature called Preload Pages that speeds up browsing by loading websites in the background before you click them. Available on Android, iOS, Windows, and Mac, users can choose Standard or Extended preloading, though it may use slightly more mobile data and memory.







