Connect with us

Kerala

പി എം ശ്രീ നടപ്പിലാക്കിയാല്‍ പ്രതിരോധിക്കും; കാമ്പയിനുമായി ഇ കെ വിഭാഗം

മഹല്ലുകളിലേക്കും മുഖ്യാധാരാ തലങ്ങളിലേക്കും കടന്നു കയറാനുള്ള മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി നീക്കത്തിനെതിരെയാണ് ഇ കെ വിഭാഗത്തിന്റെ കാമ്പയിന്‍.

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുരംഗ പ്രവേശനത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ ഇ കെ വിഭാഗം. മഹല്ലുകളിലേക്കും മുഖ്യാധാരാ തലങ്ങളിലേക്കും കടന്നു കയറാനുള്ള മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി നീക്കത്തിനെതിരെയാണ് ഇ കെ വിഭാഗത്തിന്റെ കാമ്പയിന്‍. ഇ കെ വിഭാഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലാണ് ഇത്തരത്തില്‍ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ ഉദ്ഘാടന സമ്മേളനം മറ്റന്നാള്‍ കോഴിക്കോട്ട് നടക്കും.

ജനാധിപത്യ സംവിധാനത്തില്‍ ഇടപെടാനുള്ള സ്‌പേസ് ഇതുവരെ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍, നിലവില്‍ പൊതുസമൂഹത്തിനിടയിലേക്ക് കയറിക്കൂടാനുള്ള സാഹചര്യം അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും ഇ കെ വിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നേരത്തെ സംഘ്പരിവാറിനോടും ജമാഅത്തെ ഇസ്‌ലാമിയോടും ഒരേ സമീപനമായിരുന്നു ഇവിടുത്തെ എല്ലാ സംഘടനകളും സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ആ സാഹചര്യം മാറിയിരിക്കുകയാണ്. സമൂഹത്തില്‍ ഇഴുകിച്ചേരാനുള്ള ഇവരുടെ ശ്രമം തടയുകയെന്നത് സമസ്തയുടെ അടിസ്ഥാന ആശയമാണെന്നും മുസ്തഫ പറഞ്ഞു.

വൈസ് ചാന്‍സലര്‍മാര്‍ കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിലെ ആദ്യ സംഭവമാണ്. വി സിമാരുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായിട്ടുള്ളത്. ഇത് പൊറുക്കാന്‍ സാധിക്കില്ല. വി സിമാര്‍ മാപ്പ് പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

പി എം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അതിനെതിരെ ശക്തമായി കാമ്പയിന്‍ സംഘടിപ്പിച്ചവരാണ് യു ഡി എഫ്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പ്രസംഗങ്ങളില്‍ കാണിച്ച ആവേശം പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. അതേക്കുറിച്ച് പഠിക്കാന്‍ നമ്മള്‍ സമയം നല്‍കണം. പി എം ശ്രീയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായി എതിര്‍ക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്‌റഫും പറഞ്ഞു.