Connect with us

Kerala

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് യു പിയില്‍ പിടിയില്‍

ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ (60)യാണ് ഉത്തര്‍പ്രദേശ് അലിഗഡ് ജില്ലയിലെ യമുന നദിക്കരികിലുള്ള ടപ്പല്‍ എന്ന താമസ സ്ഥലത്തുനിന്ന് പോലീസ് പിടികൂടിയത്.

Published

|

Last Updated

കണ്ണൂര്‍ | കേരളത്തിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സംഘം യു പിയില്‍ നിന്ന് അതിസാഹസികമായി പിടികൂടി. ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ (60)യാണ് ഉത്തര്‍പ്രദേശ് അലിഗഡ് ജില്ലയിലെ യമുന നദിക്കരികിലുള്ള ടപ്പല്‍ എന്ന താമസ സ്ഥലത്തുനിന്ന് പോലീസ് പിടികൂടിയത്.

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് വി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശാനുസരണം ജൂണ്‍ 14 ന് ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് യൂണിറ്റിലെ എസ് ഐ. മധുസൂദനന്‍, എ എസ് ഐമാരായ ബിജു, രാജേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍ പി വാറണ്ട് ഉള്‍പ്പെടെ ഒമ്പത് വാറണ്ടുകള്‍ ഇയാള്‍ക്കെതിരേ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്.

കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുന്നില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബല്‍ദേവ് സിംഗ് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.