Connect with us

Kerala

പത്മകുമാറിന്റെ വെളിപ്പടുത്തല്‍; പത്രത്തില്‍ കണ്ട കാര്യത്തിന് അന്വേഷണം നടത്തേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ സി പി എം നേതാക്കള്‍ ഇടപെട്ടുവെന്ന എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | പത്രത്തില്‍ കണ്ട കാര്യത്തിന് അന്വേഷണം നടത്തേണ്ട കാര്യമില്ലന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശബരിമല മേല്‍ശാന്തി നിയമനത്തില്‍ സി പി എം നേതാക്കള്‍ ഇടപെട്ടുവെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പത്രത്തില്‍ കണ്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ട് കാര്യമില്ല. കോടതി നിയന്ത്രണത്തിലുള്ള എസ് ഐ ടിക്ക് വേണമെങ്കില്‍ പരിശോധിക്കാമെന്നും പത്മകുമാര്‍ ആത്മകഥ എഴുതുന്നത് നല്ല കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ എസ് ഐ ടി അന്വേഷണത്തില്‍ ന്യൂനതയുണ്ടെങ്കില്‍ പുതിയ അന്വേഷണമുണ്ടാകുമെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞത്. കുറ്റപത്രത്തില്‍ ന്യൂനതയുണ്ടെങ്കില്‍ വീണ്ടും അന്വേഷണം നടത്തും. പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ പോലെ ഇനിയും സത്യങ്ങള്‍ പുറത്തു വരാനുണ്ട്.

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ സി പി എം നേതാക്കള്‍ ഇടപെട്ടുവെന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. താന്‍ പറയുന്നയാളെ നിയമിക്കാന്‍ മന്ത്രി കത്തു നല്‍കി. മന്ത്രിയുടെ ശിപാര്‍ശക്കത്ത് ആത്മകഥയിലൂടെ പുറത്തുവിടുമെന്നും പത്മകുമാര്‍ പറഞ്ഞു. പത്മകുമാറിന്റെ ‘ദൈവതുല്യന്‍’ പരാമര്‍ശം സി പി എമ്മിലെ ഉന്നത നേതാവിനെതിരെയാണെന്നാണ് സൂചന. തലസ്ഥാനത്തെ പാര്‍ട്ടി മന്ദിര നിര്‍മാണത്തിന് തട്ടിപ്പുപണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

 

Latest