Connect with us

Kozhikode

അസ്സുഫ നാട്ടു ദർസ്: ഉസ്താദുമാർക്കുള്ള ‘ഇജാസത്ത് സംഗമം’ ബുധനാഴ്ച കാരന്തൂർ മർകസിൽ

ഇന്ത്യക്കകത്തും പുറത്തുമായി പതിനാല് രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന എണ്ണായിരത്തിലധികം പഠന കേന്ദ്രങ്ങൾ നാട്ടു ദർസിനായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു ലക്ഷം പഠിതാക്കളുമായി ആരംഭിക്കുന്ന ‘അസ്സുഫാ നാട്ടു ദർസി’ലെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന ഉസ്താദുമാർക്കുള്ള പ്രത്യേക ‘ഇജാസത്ത് സംഗമം’ മറ്റന്നാൾ കാരന്തൂർ മർകസിൽനടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് നാളെ പണ്ഡിതന്മാർക്കുള്ള സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്‌ലിയാർ സംഗമത്തിൽ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കുന്ന ചടങ്ങിൽ സയ്യിദ് ഇബ്രാഹിമുൽഖലീൽ അൽബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും. ഓഫ്‌ലൈനായും ഓൺലൈനായും ഇന്ത്യക്കകത്തും പുറത്തുമുള്ള എണ്ണായിരത്തോളം പണ്ഡിതർ ഈ ചരിത്ര സംഗമത്തിന്റെ ഭാഗമാകും. കേരളത്തിലും പുറത്തും പ്രവാസലോകത്തുമായി അഞ്ചു ലക്ഷം പഠിതാക്കളാണ് സമസ്തയുടെ ഈ വലിയ വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്.

ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഈ ബൃഹത്തായ പദ്ധതിക്കായി എണ്ണായിരത്തോളം പണ്ഡിതന്മാരെയാണ് ക്ലാസുകൾ നയിക്കാൻ നിയോഗിച്ചിട്ടുള്ളത്. ഇവർക്കുള്ള പ്രത്യേക ട്രെയിനിങ് പ്രോഗ്രാമുകളും പഠിതാക്കളുടെ രജിസ്ട്രേഷൻ നടപടികളും ഇപ്പോൾ പുരോഗമിക്കുകയാണ്.

ഇന്ത്യക്കകത്തും പുറത്തുമായി പതിനാല് രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന എണ്ണായിരത്തിലധികം പഠന കേന്ദ്രങ്ങൾ നാട്ടു ദർസിനായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ഒരേസമയം ഒരേ ദർസിന്റെ ഭാഗമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

കാന്തപുരം ഉസ്താദ് തന്നെ രചിച്ച പ്രമുഖ ഗ്രന്ഥമാണ് ഈ പദ്ധതിയിൽ പഠനവിധേയമാക്കുന്നത്. ആകെ 31 അധ്യായങ്ങളുള്ള ഈ കിതാബ് 30 ആഴ്ചകൾ കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 19-ാം തീയതി വിവിധ കേന്ദ്രങ്ങളിൽ നാട്ടു ദർസ് ക്ലാസുകൾ ആരംഭിക്കും. തുടർന്ന്, കിതാബിന്റെ അവസാന അധ്യായം സമസ്തയുടെ സെന്റിനറി സമ്മേളന വേദിയിൽ വെച്ച് കാന്തപുരം ഉസ്താദ് ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തിന് ഓതിക്കൊടുക്കുന്നതോടെ ഈ ബൃഹത്തായ പഠനപദ്ധതി പൂർത്തിയാകും.

Summary

As part of the centenary celebrations of Samastha Kerala Jamiyyathul Ulama, a grand ‘Ijazath Sangamam’ for scholars leading the ‘Assuffa Nattu Dars’ initiative will be held at Markaz Karanthur. Led by Kanthapuram A P Aboubacker Musliyar and presided over by E Sulaiman Musliyar, the event will connect around 8,000 scholars both online and offline. This massive educational project targets five lakh learners across 14 countries in over 8,000 study centers, focusing on a 31-chapter book authored by Kanthapuram Musliyar. The weekly classes are scheduled to begin on June 19, with the final chapter to be taught at the Samastha Centenary conference venue.

Latest