Kerala
ഫയല്‍ തടഞ്ഞുവെച്ച് ധനവകുപ്പ്: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അനിശ്ചിതത്വത്തില്‍
ഏപ്രില്‍, മെയ് മാസങ്ങളിലെ തുക നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തിരുവനന്തപുരം | സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വലയത്തിന് പുറത്തുള്ള, നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് സ്ത്രീകള്‍ക്കുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രതിമാസം ആയിരം രൂപ നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയില്‍ നിന്ന് യു ഡി എഫ് സര്‍ക്കാര്‍ പിന്മാറുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ തുക അനുവദിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പിന്റെ മേശപ്പുറത്താണ്. 35-60 പ്രായത്തിലുള്ള 31.34 ലക്ഷം പേര്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതി 2025 ഒക്‌ടോബര്‍ 29നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ച ശേഷം അന്നുതന്നെ 10,58,700 പേര്‍ക്ക് ബേങ്ക് അക്കൗണ്ട് വഴി തുക ലഭ്യമാക്കിയിരുന്നു. 105.87 കോടി രൂപയായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. ഫെബ്രുവരിയിലും മാര്‍ച്ചിലും എല്‍ ഡി എഫ് സര്‍ക്കാര്‍ തുക നല്‍കിയിരുന്നെങ്കിലും ഏപ്രില്‍, മെയ് മാസങ്ങളിലെ തുക നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അന്ന് തന്നെ പദ്ധതിയെ എതിര്‍ത്തിരുന്ന യു ഡി എഫ് അധികാരത്തിലെത്തിയ ശേഷം പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പദ്ധതിക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ ബജറ്റില്‍ 3,720 കോടി രൂപ നീക്കിവച്ചിരുന്നു. മാര്‍ച്ചിലെ കണക്ക് പ്രകാരം 18,18,047 അപേക്ഷകളുണ്ട്. അഞ്ചുലക്ഷത്തിലേറെ അപേക്ഷകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുമില്ല. മാര്‍ച്ചില്‍ ഗുണഭോക്താക്കളുടെ എണ്ണം 16,24,091 ആയതോടെ 162.41 കോടി രൂപ വിതരണം ചെയ്തു. ഏപ്രിലിലും മേയിലും അപേക്ഷകരുടെ എണ്ണം വീണ്ടുമുയര്‍ന്ന് 18,18,047 പേരായി. ഇതില്‍ 16,40,343 പേര്‍ അര്‍ഹരെന്ന് കണ്ടെത്തി പണം അനുവദിക്കാന്‍ ധനവകുപ്പില്‍ ഫയലെത്തിയെങ്കിലും തീരുമാനമായില്ല. ഒരുമാസമായി തദ്ദേശ സ്ഥാപനങ്ങളിലൂടെ അഞ്ചുലക്ഷത്തിലേറെ അപേക്ഷകളും വന്നിട്ടുണ്ട്. മലപ്പുറത്താണ് അപേക്ഷകര്‍ കൂടുതല്‍- 2.55 ലക്ഷം.
കണക്ട് ടു വര്‍ക്കിനും വെട്ട്
യുവജനങ്ങള്‍ക്കായി എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ ഏപ്രില്‍, മെയ് മാസങ്ങളിലെ തുകയും ഇതുവരെ നല്‍കിയിട്ടില്ല. തൊഴില്‍ വകുപ്പ് നല്‍കിയ നിര്‍ദേശം ധനവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. 70,000 അപേക്ഷകൂടി ലഭിച്ചെങ്കിലും തീരുമാനമില്ല. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിലും പദ്ധതി പരാമര്‍ശിച്ചിരുന്നില്ല. കുടുംബ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ള, 18-30 പ്രായത്തിലുള്ള അഞ്ചുലക്ഷം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. ജനുവരിയില്‍ 10,000 പേരുടെ അക്കൗണ്ടുകളില്‍ ആയിരം രൂപ വീതമെത്തിയിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 75,376 പേര്‍ക്ക് തുക നല്‍കി. ഇതിനായി ബജറ്റില്‍ 400 കോടി രൂപ എല്‍ ഡി എഫ് സര്‍ക്കാര്‍ നീക്കിവച്ചിരുന്നു.







