Kerala
കോന്നി അപകടം; കെ എസ് ആര്‍ ടി സിയില്‍ ജി പി എസും സ്പീഡ ഗവേര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന്
ഇരുവാഹനങ്ങള്‍ക്കും അമിത വേഗം. ബസ് തെറ്റായ ദിശയിലും

പത്തനംതിട്ട | കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍ പെട്ട കെ എസ് ആര്‍ ടി സി ബസിൽ ജി പി എസ് ഇല്ലെന്നും സ്പീഡ ഗവേര്‍ണർ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപോർട്ട്. സംഭവത്തിൽ 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. കെ എസ് ആര്‍ ടി സി ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണെന്നും വ്യക്തമായി. അമിത വേഗതയില്‍ വളവില്‍ ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ ബസിന് ജി പി എസും സ്പീഡ ഗവേര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഇരുവാഹനങ്ങള്‍ക്കും അമിത വേഗമായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വളവോട് കൂടിയ കിഴവള്ളൂര്‍ പള്ളിക്ക് മുന്നില്‍ വെച്ച് മുന്‍പില്‍ പോയ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെ എസ് ആര്‍ ടി സി ബസിന് നിയന്ത്രണം നഷ്ടമാവുകയും എതിരേ വന്ന സൈലോ കാര്‍ ഇടിച്ച് തകര്‍ത്ത് കിഴവള്ളൂര്‍ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകര്‍ത്ത് നില്‍ക്കുകയുമായിരുന്നു.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉച്ചയ്ക്ക് 1.49നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കിഴവള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കമാനം ഇടിച്ച് തകര്‍ത്ത് ഉള്ളില്‍ കയറിയാണ് നിന്നത്. കമാനത്തിന്റെ ഭാരമേറിയ കോണ്‍ക്രീറ്റ് ബീമുകള്‍ ബസ്സിന് മുകളില്‍ വീണ് ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ബസും കാറും വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പത്തനാപുരം പിറവന്തൂര്‍ സ്വദേശി ടി അജയകുമാര്‍(50), കാര്‍ ഓടിച്ചിരുന്ന ഇതര സംസ്ഥാന സ്വദേശി ജെറോം ചൗധരി(39) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എം എസ് ബേബി (49), ദര്‍ശന (50), പനീര്‍ സെല്‍വം (65), ഷൈലജ (51), ആഷ്ന (52), മുദിപുറത്ത് ദേവര്‍ (61), അറുമുഖവൈദ്യ (61), ആതിര (26), പ്രവീണ്‍ (24), ടിറ്റു (26), ലാലച്ചന്‍ (60), സുരേഷ് (49), ജെസ (50), സുനു (48), അമല്‍ (28) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. 17 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ കവാടത്തിന് സമീപം ആളുകള്‍ ഇല്ലാതിരുന്നതും കൂടുതല്‍ ആളപായം ഒഴിവാക്കി. ഉച്ചസമയമായതിനാല്‍ റോഡിലും യാത്രക്കാര്‍ കുറവായിരുന്നു.