From the print
അലയടങ്ങാതെ ഹോർമുസ്
കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു
വാഷിംഗ്ടൺ | യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങൾ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നത് ഇനിയും വൈകും. ഇറാന്റെ പുതിയ നിർദേശങ്ങൾ ചവറാണെന്നും വിഡ്ഢിത്തമാണെന്നും ട്രംപ് പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ ‘മരണക്കിടക്കയിൽ’ ആണ്. ഡോക്ടറുടെ ഭാഷയിൽ പറഞ്ഞാൽ ജീവിച്ചിരിക്കാൻ അതിന് ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്നും വൈറ്റ്ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഹോർമുസിൽ തങ്ങളുടെ ആധിപത്യത്തിന് മുൻഗണന നൽകിയുള്ള നിർദേശമാണ് കഴിഞ്ഞ ദിവസം ഇറാൻ മുന്നോട്ടുവെച്ചത്. യുദ്ധത്തിന് തങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും യു എസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും പുതിയ ആവശ്യത്തിൽ ഉന്നയിച്ചിരുന്നു.
അതിനിടെ, ഇറാനുമായുള്ള യുദ്ധച്ചെലവിന്റെ പുതിയ കണക്ക് പെന്റഗൺ പുറത്തുവിട്ടു. 2,900 കോടി ഡോളർ ചെലവായെന്നാണ് പെന്റഗണിന്റെ പുതിയ റിപോർട്ട്. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കിനേക്കാൾ 400 കോടി ഡോളർ കൂടുതലാണിത്.
ഹോർമുസ് അടച്ചിടൽ തുടരുന്നതിനിടെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ ഇന്നലെ നേട്ടമുണ്ടാക്കി. ബാരലിന് 108 ഡോളറായി ഉയർന്നു.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ സുരക്ഷിത യാത്രയെക്കുറിച്ച് ഒമാനും ഇറാനും ചർച്ച നടത്തി. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലോകത്തെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത, തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കൽ എന്നിവയിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടിക്കാഴ്ചയിൽ, ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലാതിർത്തിയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശങ്ങൾ ഊന്നിപ്പറഞ്ഞു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ അയൽ രാജ്യങ്ങളായ ഒമാനും ഇറാനും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും ചർച്ചയിൽ എടുത്തുപറഞ്ഞു.
ഖത്വറിന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദത്തിനോ സാമ്പത്തിക ഭീഷണിക്കോ ഉപയോഗിക്കരുതെന്ന് ഇറാനോട് ഖത്വർ. ദോഹയിൽ ഉന്നതതല സുരക്ഷാ സമ്മേളനത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുദുർറഹ്്മാൻ അൽതാനിയാണ് മുന്നറിയിപ്പ് നൽകിയത്. നാവിഗേഷൻ സ്വാതന്ത്ര്യം ചർച്ചാ ആയുധമല്ലെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സംഭാഷണത്തിനും സംഘർഷം കുറക്കുന്നതിനും ഖത്വർ പിന്തുണ നൽകുന്നു. എന്നാൽ ആഗോള ഊർജ വിതരണ ശൃംഖലയെ രാഷ്ട്രീയ പരാതികളുടെ പേരിൽ ബന്ദിയാക്കാൻ പാടില്ല. ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ വ്യാപാര പാതകൾക്ക് ഏകപക്ഷീയമായ ഭീഷണികൾ ഉയർന്നാൽ ഖത്വർ ഇനി മൗനം പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിദേശ നാവികസേനയുടെ സാന്നിധ്യമാണ് പരിഹാരത്തിന് തടസ്സമെന്നാണ് ഇറാന്റെ വാദം.







