Uae
ചരിത്രപരം; സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡൊണാള്‍ഡ് ട്രംപ് മടങ്ങി
പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു.

അബൂദബി | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എ ഇയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ നടന്ന യാത്രയയപ്പിന് നേതൃത്വം നല്‍കി. കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്, ഉപ ഭരണാധികാരി ശൈഖ് തഹ്്‌നൂന്‍ ബിന്‍ സായിദ്, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്്യാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യു എ ഇ ആകാശ അതിര്‍ത്തി വിടുന്നതുവരെ സൈനിക വിമാനങ്ങള്‍ ട്രംപിന്റെ വിമാനത്തെ അനുഗമിച്ചു.
അമേരിക്കന്‍ പ്രസിഡന്റിന്റെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ചരിത്രപരമായി മാറി. യു എ ഇയില്‍, പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ചര്‍ച്ചകള്‍ നടത്തി. യു എ ഇയും യു എസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും പൊതുവായ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു.രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നീണ്ട ചരിത്രത്തെ അവര്‍ എടുത്തുകാണിച്ചു. മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിഷയങ്ങളും ചര്‍ച്ചക്ക് വന്നു.ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും അബ്രഹാമിക് ഫാമിലി ഹൗസും ട്രംപ് സന്ദര്‍ശിച്ചു.
അമേരിക്കയിലെ എ ഐ മേഖലയില്‍ യു എ ഇ 1.4 ട്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. അബൂദബിയില്‍ വന്‍ ഡാറ്റാ സെന്റര്‍ പദ്ധതി ഇതിനൊപ്പം വരും. 200 ബില്യണ്‍ ഡോളറിലധികം വാണിജ്യ കരാറുകളാണ് ഒപ്പുവെച്ചത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ ബോയിംഗ് / ജി ഇ യില്‍ നിന്നുള്ള 14.5 ബില്യണ്‍ ഡോളര്‍ വിമാന ഓര്‍ഡര്‍, എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയത്തിന്റെ ഒക്ലഹോമയില്‍ നാല് ബില്യണ്‍ ഡോളര്‍ അലുമിനിയം സ്മെല്‍റ്റര്‍ പദ്ധതി, വര്‍ഷംതോറും 500,000 എന്‍വിഡിയ എ ഐ ചിപ്പുകള്‍ ഇറക്കുമതി ചെയ്യാനുള്ള പ്രാഥമിക കരാര്‍ എന്നിവ ഇതില്‍ പെടും. ഊര്‍ജ മേഖലയില്‍ 500 ബില്യണ്‍ ഡോളര്‍ നിക്ഷേപവും പ്രഖ്യാപിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാനും ഡൊണാള്‍ഡ് ട്രംപും അബൂദബിയില്‍ 5 ജി ഡബ്ല്യു എ ഐ ക്യാമ്പസിന്റെ ഒന്നാം ഘട്ടം ഖസര്‍ അല്‍ വതനില്‍ ഉദ്ഘാടനം ചെയ്തു.യു എസിന് പുറത്തുള്ള ഏറ്റവും വലിയ എ ഐ കേന്ദ്രമാണിത്. ജി 42വാണ് നിര്‍മിക്കുക. യു എസ് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കും. യു എസ് – യു എ ഇ എ ഐ ആക്സിലറേഷന്‍ പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമാണ് ഈ സംരംഭം. അബൂദബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗസ്സയില്‍ ഒരുപാട് പേര്‍ പട്ടിണിയിലാണ്.ഞങ്ങള്‍ അത് പരിഹരിക്കും. ബിസിനസ് ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.
അടുത്ത മാസത്തോടെ ഗസ്സയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് യു എ ഇ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വെച്ചും അദ്ദേഹം പറഞ്ഞു. അടുത്ത മാസത്തോടെ ഗസ്സയില്‍ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കും. നമ്മള്‍ ഫലസ്തീനികളെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ഫോറത്തില്‍, അമേരിക്കന്‍ പ്രസിഡന്റിന് മര്‍ബാന്‍ ഓയില്‍ ഫീല്‍ഡില്‍ നിന്നുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള, ലഘുവും മധുരവുമായ ക്രൂഡ് ഓയില്‍ സമ്മാനമായി നല്‍കി. ‘ലോകത്തിലെ ഏറ്റവും മികച്ച ഓയില്‍, പക്ഷേ ഒരു തുള്ളി മാത്രം തന്നു. ഞാന്‍ തൃപ്തനല്ല!’ എന്ന ട്രംപിന്റെ തമാശ ഹാളില്‍ ചിരി പടര്‍ത്തി.
യു എസ് – യു എ ഇ ബിസിനസ് കൗണ്‍സില്‍ പരിപാടിയില്‍ ബിസിനസ് നേതാക്കളെ കണ്ടു. ‘ശൈഖ് മുഹമ്മദ് മഹാനായ ഒരു മനുഷ്യനാണ്, ഞങ്ങള്‍ യു എ ഇയെ ഗംഭീരമായി പരിഗണിക്കും’. 1.4 ട്രില്യണ്‍ ഡോളര്‍ പ്രഖ്യാപനത്തിന് ശേഷം ട്രംപ് പറഞ്ഞു. നിങ്ങള്‍ ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ നിക്ഷേപമാണിത്. ഞങ്ങള്‍ അതിന് വളരെയധികം നന്ദി പറയുന്നു.’ യു എ ഇയെ ‘ഗംഭീരമായി’ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.