Connect with us

Kasargod

ഹിമമികളും ഹാഫിളുകളും കര്‍മരംഗത്തേക്ക്; സുല്‍ത്താനുല്‍ ഉലമയില്‍ നിന്ന് സനദുകള്‍ ഏറ്റുവാങ്ങും

നാളെ വൈകിട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് 'ഹിമമി ശഹാദ' സ്വീകരിക്കും.

Published

|

Last Updated

മുഹിമ്മാത്ത് ഉറൂസ് പരിപാടിയില്‍ നൂറുസാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രസംഗിക്കുന്നു.

പുത്തിഗെ | മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് സപ്തവത്സര കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ 68 പണ്ഡിതര്‍ കൂടി കര്‍മ രംഗത്തേക്ക്. നാളെ വൈകിട്ട് (ജനുവരി 31, ശനി) നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ ഗുരുനാഥന്മാരില്‍ നിന്ന് ‘ഹിമമി ശഹാദ’ സ്വീകരിക്കും. കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് സനദ് വാങ്ങി കര്‍മ രംഗത്തേക്കിറങ്ങുന്നത്. ഭൗതിക പഠനത്തില്‍ എസ് എന്‍, കണ്ണൂര്‍, കാലിക്കറ്റ്, മാംഗ്ലൂര്‍, തമിഴ്‌നാട് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ബാച്ചിലര്‍ ബിരുദവും, ബി എഡും, പി ജിയും കരസ്ഥമാക്കിയാണ് പ്രൊഫഷണല്‍ രംഗത്തേക്ക് ഇറങ്ങുന്നത്. കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ അഫിലിയേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് മതപഠനത്തില്‍ ജാമിഅ മര്‍ക്കസിന്റെയും ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെയും പരീക്ഷ വിജയിച്ചവരാണ് ഹിമമി ബിരുദം കരസ്ഥമാക്കുന്നത്.

ആധുനിക കാല വെല്ലുവിളികള്‍ നേരിടാന്‍ സാധ്യമാകുന്ന രൂപത്തില്‍ കോഴ്‌സ് കാലയളവില്‍ വിവിധ പാഠ്യേതര പ്രവൃത്തികളില്‍ മികച്ച നൈപുണ്യം നേടിയാണ് പ്രബോധന വീഥിയിലേക്ക് പ്രവേശിക്കുന്നത്. ഹിമമി ബിരുദത്തിനു ശേഷം വിവിധ ഭൗതിക യൂണിവേഴ്‌സിറ്റികള്‍, ജാമിഅ മര്‍ക്കസ്, മര്‍ക്കസ് നോളജ് സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ഉപരിപഠനാര്‍ഥം അഡ്മിഷന്‍ നടത്തും. നിലവില്‍ 700 ഓളം പണ്ഡിതര്‍ രാജ്യത്തിനകത്തും പുറത്തും വിവിധ വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് ഹാഫിളുകള്‍
മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഹിഫ്സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ എട്ടു ഹാഫിളുകള്‍ സമ്മേളനത്തില്‍ വച്ച് സനദുകള്‍ സ്വീകരിക്കും. ആറാം ക്ലാസ് മുതല്‍ മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ അഡ്മിഷന്‍ നേടുകയും ദൗറ പൂര്‍ത്തീകരിക്കുകയും ചെയ്ത വിദ്യാര്‍ഥികളാണ് ഉറൂസിന്റെ സമാപന സംഗമത്തില്‍ സനദുകള്‍ ഏറ്റുവാങ്ങുന്നത്. സ്‌കൂള്‍ പഠനവും ഖുര്‍ആനിക പഠനവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പഠനകാലയളവില്‍ വൈവിധ്യമാര്‍ന്ന മത-ഭൗതിക മോട്ടിവേഷന്‍ കോഴ്‌സുകളും ഹാഫിളുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് ക്ലാസുകളിലൂടെ മികവുറ്റ ഖുര്‍ആന്‍ പാരായണ ശൈലിയും ഹാഫിളുകള്‍ക്ക് നേടാന്‍ സാധിച്ചിട്ടുണ്ട്. ഹാഫിള് ബിരുദത്തിനു ശേഷം മുഹിമ്മാത്ത് കോളജ് ഓഫ് ഖുര്‍ആന്‍ അക്കാദമിയില്‍ ഉപരിപഠനവും ഖുര്‍ആനിക രംഗത്ത് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ ഏര്‍പ്പെടും.

മഹിത മൂല്യങ്ങളുടെ പ്രചാരകരാവുക: ബദ്റുസ്സാദാത്ത്
പൂര്‍വിക മഹത്തുക്കള്‍ പകര്‍ന്നു തന്ന ആശയത്തിന്റെ പ്രചാരണം സമൂഹം ഒരു ദൗത്യമായി ഏറ്റെടുക്കണമെന്നും താഹിര്‍ തങ്ങള്‍ പാരമ്പര്യത്തിന്റെ പ്രയോക്താവായാണ് മുഹിമ്മാത്ത് എന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുത്തിയതെന്നും ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് അഹ്ദല്‍ തങ്ങള്‍ ഉറൂസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകചരിത്രത്തില്‍ നിരവധി മഹദ് വ്യക്തിത്വങ്ങള്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആത്മീയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ശില പാകിയവരായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ അത്തരത്തിലുള്ള നിരവധി ആത്മീയ ആചാര്യന്മാരെ ഗ്രന്ഥങ്ങളില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സൂഫിവര്യന്മാരാണ് സമൂഹത്തെ ധാര്‍മ്മികതയിലൂന്നി കെട്ടിപ്പടുക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസ്സകം കുളിര്‍പ്പിച്ച് പതിനായിരങ്ങള്‍ക്ക് മധുര പാനീയം
നാലു ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടക്കുന്ന മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഉറൂസ് മുബാറക്കിന് എത്തുന്ന പതിനായിരങ്ങള്‍ക്ക് കടുത്ത ചൂടില്‍ ദാഹമകറ്റാന്‍ മധുര പാനീയം നല്‍കിയത് വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായി. മരിക്കേ ഫാമിലിയിലെ മക്കളും മരുമക്കളും ചേര്‍ന്ന് അവരുടെ മരണപ്പെട്ട പിതാവ് മര്‍ഹൂം മുഹമ്മദ് ഹാജി, മാതാവ് നബീസ എന്നിവരുടെ സ്മരണാര്‍ഥമാണ് പാനീയങ്ങള്‍ വിതരണം ചെയ്യുന്നത്. നാല് ദിവസങ്ങളിലായി മോര് വെള്ളം, വത്തക്ക, മുന്തിരി തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്യൂസുകളാണ് സ്വാദിഷ്ടമായ രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നത്. കൊടുംചൂടില്‍ ഉറൂസ് നഗരിയില്‍ എത്തുന്ന വിശ്വാസികള്‍, വ്യാപാരികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അന്തേവാസികള്‍ തുടങ്ങി പതിനായിരങ്ങള്‍ക്കാണ് മധുര പാനീയം ആശ്വാസമേകുന്നത്. മരിക്കേ ഫാമിലിയിലെ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍ അഹ്‌സനി, ഷമീം, അബൂബക്കര്‍ അമാനി, അബ്ദുല്ല, ഉമര്‍, ഉസ്മാന്‍ ഹൈദര്‍ അലി, ഷംസുദ്ദീന്‍, ബഷീര്‍ ഹിമമി സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മധുരപാനീയം ഒരുക്കിയത്.

 

 

Latest