Connect with us

UAE

ഹിജ്‌റ പുതുവത്സരം: ദുബൈയില്‍ നാളെ സൗജന്യ പാര്‍ക്കിങ്

മെട്രോ, ബസ് സര്‍വീസ് സമയക്രമം പുതുക്കി.

Published

|

Last Updated

ദുബൈ | ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ചുള്ള പൊതു അവധി പ്രമാണിച്ച് നാളെ ദുബൈയില്‍ ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങളില്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. ജൂണ്‍ 16 ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയില്‍ പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും. അവധി പ്രമാണിച്ച് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, പൊതു ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, വാഹന പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എല്ലാ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും തിങ്കളാഴ്ച അടച്ചിടും. എന്നാല്‍ ഉമ്മു റമൂലിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററും ദേര, അല്‍ ബര്‍ശ, അല്‍ തവാര്‍, അല്‍ കിഫാഫ്, ആര്‍ ടി എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കിയോസ്‌ക്കുകളും പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് പ്രൊവൈഡര്‍ സെന്ററുകള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ല. ഇവ ചൊവ്വാഴ്ച മുതല്‍ സാധാരണ രീതിയില്‍ തുറക്കും.

ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 12 വരെ സര്‍വീസ് നടത്തും. ദുബൈ ട്രാം രാവിലെ ആറ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെയായിരിക്കും സര്‍വീസ് നടത്തുക. തിങ്കളാഴ്ച അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് അബൂദബിയിലേക്കുള്ള ‘ഇ 100’ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നുള്ള ‘ഇ 101’ റൂട്ട് ഉപയോഗിക്കണം. ജലഗതാഗത സമയക്രമങ്ങള്‍ ആര്‍ ടി എ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

Latest