National
വിമാനത്തിന്റെ ശുചിമുറിയിലെ സ്പീക്കർ ബോക്സ് തുറന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി; കണ്ടെടുത്തത് 4.27 കോടി രൂപയുടെ സ്വർണ ബിസ്കറ്റുകൾ
വെള്ളിയാഴ്ച ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോയുടെ 6ഇ 1478 വിമാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
അഹമ്മദാബാദ് | അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് 4.27 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ.
വെള്ളിയാഴ്ച ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോയുടെ 6ഇ 1478 വിമാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ എൻജിനീയർമാരുടെ സഹായത്തോടെ നടത്തിയ വിശദമായ പരിശോധനയിൽ ശുചിമുറിയിലെ സ്പീക്കർ ബോക്സിനുള്ളിൽ സ്വർണം കണ്ടെത്തുകയായിരുന്നു. കറുത്ത പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് പൊതിഞ്ഞ രണ്ട് പാക്കറ്റുകളാണ് സ്പീക്കർ ബോക്സിനുള്ളിൽ നിന്ന് കണ്ടെടുത്തത്.
ഈ പാക്കറ്റുകൾ പരിശോധിച്ചപ്പോൾ 999 പരിശുദ്ധിയുള്ള (24 കാരറ്റ്) വിദേശ നിർമ്മിതമായ 24 സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് മൊത്തം 2,799.3 ഗ്രാം തൂക്കമുണ്ട്. പ്രാദേശിക വിപണിയിൽ ഇതിന് ഏകദേശം 4.27 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

1962 ലെ കസ്റ്റംസ് നിയമം ലംഘിച്ച് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുകയെന്ന ലക്ഷ്യത്തോടെ തിരിച്ചറിയാൻ കഴിയാത്ത ഏതോ വ്യക്തിയാണ് ഇത് ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം. വിമാനത്തിലെ യാത്രക്കാരോ ജീവനക്കാരോ ആരും തന്നെ ഈ സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് മുന്നോട്ട് വരാത്തതിനെ തുടർന്ന്, കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇത് അവകാശികളില്ലാത്ത വസ്തുവായി കസ്റ്റംസ് കണ്ടുകെട്ടി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.13 ലക്ഷത്തിലധികം വിദേശ നിർമ്മിത സിഗരറ്റുകൾ പിടികൂടി ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും വലിയ രീതിയിലുള്ള സ്വർണ്ണവേട്ട നടക്കുന്നത്. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഈ യാത്രക്കാരുടെ ചെക്ക് ഇൻ ബാഗേജുകളുടെ എക്സ് റേ ചിത്രങ്ങളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇവരെ തടഞ്ഞുവെച്ച് പരിശോധിച്ചത്. വിശദമായ പരിശോധനയിൽ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ വലിയ തോതിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. ‘മോണ്ട്’ ബ്രാൻഡിന്റെ 56,000 സിഗരറ്റുകൾ അടങ്ങിയ 280 ബോക്സുകളും ‘ഗുഡാങ് ഗരം’ ബ്രാൻഡിന്റെ 57,200 സിഗരറ്റുകൾ അടങ്ങിയ 286 ബോക്സുകളുമാണ് അന്ന് 1962 ലെ കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്തത്.
Content Highlights
Customs at Ahmedabad airport seized 24-carat gold worth Rs 4.27 crore hidden in an IndiGo flight’s lavatory speaker box from Dubai. Weighing 2,799.3 grams, the unclaimed gold was confiscated under the Customs Act. This follows a recent seizure of 1.13 lakh foreign cigarettes from Dubai passengers.







