From the print
ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ മാറ്റം; നേരിട്ട് നല്‍കില്ല
വിതരണ ചുമതലയില്‍ നിന്ന് സഹകരണ ബേങ്കുകളെ ഒഴിവാക്കി. ഇനി പെന്‍ഷന്‍ ദേശസാത്കൃത ബേങ്ക് അക്കൗണ്ടിലെത്തും.
തിരുവനന്തപുരം | സഹകരണ ബേങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി. പെന്‍ഷന്‍ വിതരണ ചുമതലയില്‍ നിന്ന് സഹകരണ ബേങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി ദേശസാത്കൃത ബേങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് തീരുമാനം. സഹകരണ ബേങ്കുകളിലൂടെയുള്ള വിതരണം ചെലവ് കൂടിയതാണെന്നും പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നുമാണ് വിശദീകരണം. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കത്ത് പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയത്.
കിടപ്പുരോഗികള്‍ക്കും ഒഴിവാക്കാനാകാത്ത മറ്റ് ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന നിലവിലെ രീതി തുടരാനാണ് ധാരണ. ഇവര്‍ ഒഴികെ എല്ലാ സാമൂഹിക സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ആധാറുമായി ബന്ധിപ്പിച്ച ബേങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) സംവിധാനത്തിലൂടെ പെന്‍ഷന്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പെന്‍ഷന്‍ വിതരണം പൂര്‍ണമായും സഹകരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും മറ്റ് സഹകരണ സംഘങ്ങളും കലക്ഷന്‍ ഏജന്റുമാര്‍ വഴി ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തി പെന്‍ഷന്‍ നല്‍കുന്നതായിരുന്നു രീതി. ഇത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. അതേസമയം, പുതിയ ഡി ബി ടി അധിഷ്ഠിത വിതരണ രീതി എന്നുമുതല്‍ പൂര്‍ണമായി നടപ്പാക്കുമെന്ന് ധനവകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതിനാവശ്യമായ സാങ്കേതിക ഒരുക്കങ്ങളും ബേങ്ക് അക്കൗണ്ട് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ രീതി പ്രാബല്യത്തില്‍ വരിക. ഈ മാസം കൂടി ക്ഷേമ പെന്‍ഷന്‍ വിതരണം മാറ്റമില്ലാതെ പഴയ രീതിയില്‍ തന്നെ തുടരും.
Content Highlights:
Kerala government has announced significant updates regarding welfare pension distribution across the state. Direct hand delivery of pensions will no longer continue under the revised system. Beneficiaries must switch to bank transfers to receive payouts.


