Connect with us

hijab issue

കര്‍ണാടകയിലെ ഹിജാബ്, ഷാരൂഖ് ഖാന്‍ വിഷയങ്ങള്‍: അതീവ ഗൗരവതരമായി കാണേണ്ടതെന്ന് മുഖ്യമന്ത്രി

കാരണം വ്യക്തമാക്കാതെ മീഡിയ വണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയത് ശരിയല്ലാത്ത നടപടി

Published

|

Last Updated

തിരുവനന്തപുരം | ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന സംഘ്പരിവാര്‍ പ്രചാരണവും കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനവും അതിനെ തുടര്‍ന്നുള്ള വര്‍ഗീയ പ്രതിഷേധങ്ങളും അതീവ ഗൗരവതരമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത എന്തൊക്കെ ആപത്ത് സൃഷ്ടിക്കാന്‍ പോകുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. സംഘടിത നീക്കത്തിന്റെ ഭാഗമാണിത്. വലിയ ആപത്താണ് വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കുന്നതെന്നും യു എസിലെ ചികിത്സക്കും യു എ ഇയിലെ പര്യടനത്തിനും ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ പിണറായി പറഞ്ഞു.

മതനിരപേക്ഷതയുടെ വിളനിലമായാണ് വിദ്യാലയങ്ങള്‍ മാറേണ്ടത്. എന്നാല്‍, വര്‍ഗീയതയുടെ വിഷം ചീറ്റുന്ന കുട്ടികളാക്കി മാറ്റാന്‍ ശ്രമിക്കുന്നു. കുട്ടികളുടെ മനസ്സില്‍ വര്‍ഗീയത കുത്തിവെക്കുന്നത് വലിയ ആപത്തിനെ ക്ഷണിച്ചുവരുത്തുന്നതാണ്. അത്തരം ആപത്ത് വര്‍ഗീയ ശക്തികള്‍ക്ക് പ്രശ്‌നമല്ല. ഭിന്നതയാണ് അവര്‍ക്ക് വേണ്ടത്. മതനിരപേക്ഷ സമൂഹം അതീവ ജാഗ്രതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കാരണം വ്യക്തമാക്കാതെ മീഡിയ വണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയത് ശരിയല്ലാത്ത നടപടിയാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മാധ്യമ സ്ഥാപനത്തിന് സ്വസ്ഥമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണം. അതേസമയം, റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ നികേഷ് കുമാറിനെതിരെ പോലീസ് അഞ്ച് കേസുകളെടുത്തത് സംബന്ധിച്ച ചോദ്യത്തിന്, പോലീസ് നടപടികള്‍ മാധ്യമ പ്രവര്‍ത്തകനായത് കൊണ്ട് ഇല്ലാതാകില്ലെന്നും എന്നാല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമാകുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest