First Gear
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുതിയ ബ്രാന്‍ഡ് പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്
2022 ജൂലൈ ഒന്നിന് പുതിയ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

ന്യൂഡല്‍ഹി| ഇരുചക്ര വാഹന വിപണി ഇലക്ട്രിക് മോഡലുകളുടെ പിടിയിലാണിപ്പോള്‍. നിലവില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് വില്‍പ്പനയില്‍ മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ ബജാജും ടിവിഎസും ഇവി സെഗ്മെന്റിലേക്ക് എത്തിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും ഇവി രംഗത്തേയ്ക്ക് എത്തുകയാണ്. മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായി കമ്പനി ‘വിഡ’ എന്നറിയപ്പെടുന്ന ഒരു സമര്‍പ്പിത ബ്രാന്‍ഡിന്റെ പ്രഖ്യാപനത്തോടെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പുതിയ ബ്രാന്‍ഡിംഗ് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ലോഗോയുടെ ആദ്യ ചിത്രവും കമ്പനി വെളിപ്പെടുത്തി. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വിഡ എന്ന പുതിയ ബ്രാന്‍ഡിനു കീഴിലായിരിക്കും. ‘ബി ദി ഫ്യൂച്ചര്‍ ഓഫ് മൊബിലിറ്റി’ എന്ന കാഴ്ച്ചപ്പാടിന് കീഴില്‍ ദുബായിലെ ക്ലാരന്‍സ് ഐലന്‍ഡില്‍ നടന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഇവന്റില്‍ ഹീറോ മോട്ടോകോര്‍പ് ചെയര്‍മാനും സിഇഒയുമായ പവന്‍ മുഞ്ജലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹീറോ മോട്ടോകോര്‍പിന്റെ എമിരിറ്റസ് ചെയര്‍മാന്‍ ബ്രിജ്‌മോഹന്‍ ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2022 ജൂലൈ ഒന്നിന് പുതിയ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചിറ്റൂരിലുള്ള ഹീറോയുടെ ഗ്രീന്‍ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ജൂലൈ ഒന്നിന് അവതരിപ്പിക്കുന്നതിനു പുറമെ ഈ വര്‍ഷം അവസാനം മോഡലിനായുള്ള ഡെലിവറികള്‍ ആരംഭിക്കും. കമ്പനിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം ഒരു പ്രീ-പ്രൊഡക്ഷന്‍ പ്രോട്ടോടൈപ്പ് മോഡലിനെയും കമ്പനി വെളിപ്പെടുത്തിയിരുന്നു.