Connect with us

Heavy rain

പത്തനംതിട്ടയുടെ മലയോര മേഖലകളിൽ കനത്ത മഴ

കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ആങ്ങമൂഴി കോട്ടമണ്‍പാറ എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി ആളപായമില്ല

Published

|

Last Updated

പത്തനംതിട്ട | ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വൈകീട്ട് പെയ്ത കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞു. കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ആങ്ങമൂഴി കോട്ടമണ്‍പാറ എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി ആളപായമില്ല. കോട്ടമണ്‍പാറ അടിയാന്‍ കാലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒരുകാര്‍ ഒലിച്ചുപോയി. കോട്ടമണ്‍പാറ അടിയാന്‍ കാലയില്‍ ലക്ഷ്മി നിവാസില്‍ സഞ്ജയന്റെ കാറാണ് ഒലിച്ചുപോയത്.

കൃഷിയിടങ്ങളില്‍ വെളളം കയറിതോടെ ഈ പ്രദേശത്തെ നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ആങ്ങമൂഴി പാലതടിയാറില്‍ ഉരുള്‍പൊട്ടിയെങ്കിലും ഇവിടെ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. ഈ പ്രദേശത്തെ പാലം ഉരുള്‍പൊട്ടലില്‍ മുങ്ങി. ഈ പ്രദേശത്തെ പലയിടങ്ങളിലും ഉരുള്‍ പൊട്ടലിനു സമാനമായ ചെറുകുടുംന്തകള്‍ പൊട്ടിയതും കക്കാട്ടാറ്റില്‍ല്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി. കനത്ത മഴയില്‍ കുരുമ്പന്‍മൂഴി മണക്കയത്ത് ജനവാസ മേഖലയില്‍ ഉരുള്‍ പൊട്ടി അഞ്ചോളം കുടുംബങ്ങളിലെ ഇരുപതോളം പേര്‍ ഒറ്റപ്പെട്ടു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മഴ പെയ്യുവാന്‍ തുടങ്ങിയത്. ഉള്‍പൊട്ടാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍നിന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ആളുകളെമാറ്റിപാര്‍പ്പിച്ചു.

കുരുമ്പന്‍മൂഴി അഞ്ചു വീടുകളെ തുരുത്തു പോലാക്കി തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകുകയാണ്. പനംകുടന്ത അരുവിയിലെത്തി ചേരുന്ന തോടുകളിലാണ് വെള്ളം നിറഞ്ഞത്. പമ്പാനദിയിലെ കുരുമ്പന്‍മൂഴി കോസ് വേ പൂര്‍ണ്ണമായും മുങ്ങി കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനവും വഴിമുട്ടി. പുറത്തു നിന്നും ഇനി എത്താന്‍ കഴിയുന്ന പെരുന്തേനരുവി വഴിയുള്ള കൂപ്പു റോഡിലും മണ്ണിടിച്ചില്‍ ഉള്ളതായും കലുങ്ക് അപകടത്തില്‍ പെട്ടതായും സൂചനയുണ്ട്. കൂപ്പു റോഡു വഴി എത്തിയ അഗ്‌നിശമന സേനയ്ക്കും പഞ്ചായത്ത് അധികൃതര്‍ക്കും രാത്രി വൈകിയും സ്ഥലത്ത് എത്താനായിട്ടില്ല. ഇതോടെ കുരുമ്പന്‍മൂഴി മണക്കയം കോളനികള്‍ പുറം ലോകവുമായി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.ഒറ്റപ്പെട്ടു പോയ കുടുംബത്തില്‍ ഗര്‍ഭിണിയും വയോധികരുമുണ്ട്. സാവിത്രി ആഞ്ഞിലിമൂട്ടില്‍, രാഘവന്‍ പൂവത്തുംമൂട്ടില്‍, സത്യന്‍ പൂവത്തുംമൂട്ടില്‍, സരോജിനി കറുത്തേടത്ത്, ഷൈനി കറുത്തേടത്ത് എന്നവരുടെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂന്നു വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താനായിട്ടില്ലെന്ന് വാര്‍ഡംഗം മിനി ഡൊമിനിക് അറിയിച്ചു. ആനയും കാട്ടുപോത്തും അടക്കമുള്ള വനത്തിലൂടെ യാത്ര ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് പുറത്തു നിന്നും ഇവിടേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. വൈദ്യുതി തൂണുകള്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ കോളനികള്‍ ഇരുളിലാണ്ടിരിക്കുകയാണ്.