Kerala
ഹെല്‍ത്ത് കാര്‍ഡ്: സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോഗ്യ മന്ത്രി
ഹെല്‍ത്ത് കാര്‍ഡിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഡി എം ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഡിജിറ്റല്‍ കാര്‍ഡിലേക്കു മാറും.

തിരുവനന്തപുരം | ഹെല്‍ത്ത് കാര്‍ഡ് വിഷയത്തില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി മന്ത്രി ആരോപിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണവിധേയമായി മറ്റ് നടപടികള്‍ സ്വീകരിക്കും. ഹെല്‍ത്ത് കാര്‍ഡിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഡി എം ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഡിജിറ്റല്‍ കാര്‍ഡിലേക്കു മാറുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടല്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയതിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒ. ഡോ. അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അപേക്ഷകരെ പരിശോധനക്ക് വിധേയരാക്കാതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് അനുവദിച്ചതിനാണ് നടപടി.
ജനറല്‍ ആശുപത്രിയിലെ മറ്റ് ചില ഡോക്ടര്‍മാര്‍ക്കെതിരെയും സമാന ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.