Connect with us

air polution

വൈക്കോൽ കത്തിക്കുന്ന കർഷകരെ താങ്ങുവില പരിധിയിൽ നിന്ന് ഒഴിവാക്കണം: സുപ്രീം കോടതി

ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിൽ ആശങ്ക ഉയർത്തുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ , സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം

Published

|

Last Updated

ന്യൂഡൽഹി | അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും വിധം വൈക്കോൽ കത്തിക്കുന്ന കർഷകരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നിർദേശവുമായി സുപ്രീം കോടതി. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്ന കർഷകരെ താങ്ങുവില പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. പാവപ്പെട്ട കർഷകർക്ക് വൈക്കോലുകൾ ഉപയോഗപ്രദമായ ഉപോൽപ്പന്നമാക്കി മാറ്റാൻ ബെയ്‌ലിംഗ് മെഷീനുകൾ വാങ്ങുന്നതിന് പൂർണ്ണമായും സബ്‌സിഡി നൽകണമെന്നും അവരുടെ പ്രവർത്തനച്ചെലവിന് ധനസഹായം നൽകണമെന്നും കോടതി ശുപാർശ ചെയ്തു.

ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിൽ ആശങ്ക ഉയർത്തുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ , സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പഞ്ചാബിലും അതിനോട് ചേർന്നുള്ള മറ്റ് സംസ്ഥാനങ്ങളിലും കർഷകർ വൈക്കോൽ കത്തിക്കുന്നത് തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

ഒക്ടോബറിൽ, ദേശീയ തലസ്ഥാനത്തും പരിസരത്തും വഷളായിക്കൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരം നേരിടാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിനോട് (സിഎക്യുഎം) കോടതി നിർദ്ദേശിച്ചിരുന്നു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മുഖ്യകാരണം വൈക്കോലുകൾ കത്തിക്കുന്നതാണെന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി സർക്കാരുകളോട് അന്തരീക്ഷ മലിനീകരണം പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുടെ രൂപരേഖ തയ്യാറാക്കാൻ കോടതി നിർദേശിച്ചിരുന്നു.

വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തണമെന്നും കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ ലോക്കൽ സ്റ്റേറ്റ് ഹൗസ് ഓഫീസറെയാണ് കോടതി ഈ നിരോധനം നടപ്പാക്കാനുള്ള ചുമതല ഏൽപ്പിച്ചത്.

Latest