Connect with us

National

പ്രതിഷേധത്തിര തീർത്ത് ഹല്ലാ ബോൽ റാലി

കടന്നാക്രമിച്ച് രാഹുൽ

Published

|

Last Updated

ന്യൂഡൽഹി | നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വ്യാപിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച “ഹല്ലാ ബോൽ’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്വേഷം വ്യാപിക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് വളരുക. ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിയില്ലെന്നും രാഹുൽ പറഞ്ഞു.

ബി ജെ പിയും ആർ എസ് എസും രാജ്യത്തെ വിഭജിക്കുന്നു. അവർ ഭയം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആർക്കാണ്? പാവപ്പെട്ടവർ, കർഷകർ, ചെറുകിട കച്ചവടക്കാർ ഇവരിൽ ആർക്കെങ്കിലുമാണോ മോദി സർക്കാറിൽനിന്ന് പ്രയോജനം ലഭിക്കുന്നത്? – രാഹുൽ ചോദിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിന്റെ ആദ്യ പൊതു പരിപാടിയായിരുന്നു ഹല്ലാ ബോൽ റാലി. നരേന്ദ്ര മോദിയും ബി ജെ പിയും രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. മറുവശത്ത് കോൺഗ്രസ്സ് രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ വിദ്വേഷം ഇല്ലാതാക്കുന്നു. വിദ്വേഷം ഇല്ലാതാക്കുമ്പോൾ രാജ്യം അതിവേഗം നീങ്ങും. അതാണ് കോൺഗ്രസ്സിന്റെ തത്ത്വമെന്നും രാഹുൽ പറഞ്ഞു.

മോദി സർക്കാറിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്- തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണവരെന്ന് റാലിയിൽ സംസാരിച്ച ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പല്ല ലക്ഷ്യം, മറിച്ച് ജനങ്ങളുടെ മുന്നിലുള്ള രണ്ട് വലിയ വെല്ലുവിളികളെക്കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ നടന്ന റാലിയിൽ അഭൂതപൂർവമായ ജനാവലിയാണ് അണിനിരന്നത്. വിലക്കറ്റം തടയുക, തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, അവശ്യ സാധനങ്ങളുടെ ജി എസ് ടി വർധന പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ രാം ലീലാ മൈതാനിയിലേക്ക് ഒഴുകിയെത്തി.

ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന 3,500 കിലോമീറ്റർ “ഭാരത് ജോഡോ’ യാത്രയുടെ മുന്നൊരുക്കം എന്ന നിലയിൽ കൂടിയായിരുന്നു റാലി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രധാനമായും റാലിക്കെത്തിയത്.

Latest