Connect with us

siraj prathivaram

അരനൂറ്റാണ്ടിന്റെ നേതൃസുകൃതം

മയക്കോവ്സ്കിയുടെ കവിതകളുടെ പ്രധാന സവിശേഷത അവയിൽ നിറഞ്ഞു നിൽക്കുന്ന പ്രസാദാത്മകതയാണ്. ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ ഉഴറുന്നവർക്ക് അവ പ്രതീക്ഷയും പ്രത്യാശയും നൽകുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ കവിയെ തളർത്തിയെന്നത് നേരാണ്. എന്നാൽ ആ നിരാശാബോധം തന്റെ വായനക്കാർക്ക് പകർന്നു നല്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. നേരെമറിച്ച് ജീവിതപാഠങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മയക്കോവ്സ്കി എന്ന കവിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും സവിശേഷവും സമ്മോഹനവുമായ അടയാളമാണിത്.

Published

|

Last Updated

രനൂറ്റാണ്ടിലേറെ കാലത്തെ അധ്യാപന പരിചയമുള്ള പണ്ഡിത പ്രതിഭ, വിദ്യാർഥികാലം മുതൽ മത, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികവു തെളിയിച്ച സംഘാടകൻ, ഇന്ത്യയിലുടനീളം പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അനേകം പണ്ഡിതരുടെ അഭിവന്ദ്യ ഗുരു, നിരവധി സ്ഥാപനങ്ങളുടെ കാര്യദർശി, നാട്ടുകാർക്ക് സുസമ്മതനായ മഹല്ല് പ്രസിഡന്റ്, ആദർശവിശുദ്ധി ജീവിതമുദ്രയാക്കിയ പ്രഭാഷകൻ, മികച്ച എഴുത്തുകാരൻ… തെന്നല അബൂഹനീഫൽ ഫൈസിയുടെ വിശേഷണങ്ങളാണിതെല്ലാം.

അധ്യാപനത്തിനും രാഷ്ട്രീയപ്രവർത്തനത്തിനും ഉന്നതവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന കുടുംബത്തിൽ 1950ൽ ജനനം. ബോംബെ കേന്ദ്രമായി കച്ചവടം ചെയ്യുന്നവരായിരുന്നു പിതാവടക്കമുള്ള കുടുംബാംഗങ്ങൾ. നാട്ടിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. മകനെ നല്ലൊരു മതപണ്ഡിതനാക്കണമെന്ന് ഉമ്മ ആഗ്രഹിച്ചു. മദ്‌റസയിലെ പഠനമികവും പ്രസംഗകലയിലെ താത്പര്യവും ഈ ആഗ്രഹം സഫലമാക്കി.

വെളിമുക്കിലായിരുന്നു ആദ്യ ദർസ് പഠനം. ഓടക്കൽ കുടുംബത്തിലെ അബ്ദുർറഹ്മാൻകുട്ടി ഉസ്താദായിരുന്നു മുദർരിസ്. ശേഷം കോട്ടക്കലിനടുത്ത പുത്തൂരിൽ മൂസാൻകുട്ടി മുസ്്ലിയാരുടെ ദർസിൽ പഠിച്ചു. കിതാബുകളെല്ലാം സ്വന്തമായി വാങ്ങുന്നതായിരുന്നു ഉസ്താദിന്റെ ശൈലി. പിന്നീട് തിരൂരങ്ങാടിയിൽ മൂച്ചിക്കാടൻ അലവി മുസ്്ലിയാർ, കെ കെ മുഹമ്മദ് മുസ്്ലിയാർ എന്നിവരുടെ കീഴിൽ പഠിച്ചു.

പഠനകാലത്ത് വായനയിലും എഴുത്തിലും ഭാഷാപഠനങ്ങളിലും വലിയ താത്പര്യമായിരുന്നു ഉസ്താദിന്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
തുടർന്ന് പെരുമുഖം അബ്ദുർറഹ്മാൻ മുസ്്ലിയാരുടെ ദർസിൽ പഠിച്ചു. പിന്നീട് പൊന്നാനി മഊനത്തുൽ ഇസ്്ലാം കോളജിൽ ചേർന്നു. പി എം എസ് എ പൂക്കോയ തങ്ങളായിരുന്നു അന്ന് മഊനത്തിന്റെ പ്രസിഡന്റ്. നാട്ടിക മൂസ മുസ്്ലിയാർ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ മഊനത്തിൽ ഉസ്താദിന്റെ സതീർഥ്യരാണ്. മഊനത്തിലെ വിശാലമായ ലൈബ്രറി സൗകര്യവും ഭാഷാപഠനവും നന്നായി ഉപയോഗപ്പെടുത്തി. സാഹിത്യ സമാജങ്ങളിലും മത്സരങ്ങളിലും പരീക്ഷകളിലും തിളങ്ങി. ഉന്നതപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തി. കോട്ടുമല ഉസ്താദിന്റെയും ഇ കെ ഉസ്താദിന്റെയും ശിക്ഷണത്തിൽ നാല് വർഷം പഠിച്ചു.

ബോംബെയിലെ ഒരു പള്ളിയിൽ ഏഴ് ദിവസം പ്രസംഗിക്കാൻ അവസരം ലഭിച്ചത് അക്കാലത്താണ്. കേരളത്തിനു പുറത്തുള്ള ആദ്യ പ്രസംഗം. പതിനേഴോ പതിനെട്ടോ വയസ്സാണന്ന് ഉസ്താദിന്. ജാമിഅയിലെ വിദ്യാർഥി കൂട്ടായ്മയുടെ സെക്രട്ടറിയായും ഉസ്താദ് പ്രവർത്തിച്ചു. സുന്നി വിദ്യാർഥികൾക്കൊരു പ്രസ്ഥാനം എന്ന ആശയം ഉയർന്നുവന്നത് അക്കാലത്താണ്. 1973ൽ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഔദ്യോഗികമായി നിലവിൽ വന്നപ്പോൾ തിരൂർ താലൂക്ക് എസ് എസ് എഫ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു ഉസ്താദ്.
ജാമിഅയിലെ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും വായിച്ചു തീർത്തു. ആഴ്ചതോറും ലേഖനങ്ങളെഴുതി. ചന്ദ്രികയാണ് അന്നത്തെ പ്രധാന പത്രം. വഹാബിസവിമർശനമായിരുന്നു അച്ചടിമഷി പുരണ്ട ആദ്യലേഖനം. അൽ ജലാൽ പത്രികയിലാണതു പ്രസിദ്ധീകരിച്ചത്. ശരീഅത്ത് വിവാദ കാലത്താണ് “ശരീഅത്ത് ഭേദഗതി ചെയ്യുകയോ?’ എന്ന ഉസ്താദിന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. “മരണാനന്തര ജീവിതം: മതവും ശാസ്ത്രവും’, “നബി(സ)യുടെ ഭാര്യമാർ’, “പഞ്ചസ്തംഭം’ തുടങ്ങിയ പുസ്തകങ്ങളും ഉസ്താദ് എഴുതിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ വേരും വിശേഷവുമടങ്ങിയ ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോൾ ഉസ്താദ്.

മുസ്‌ലിംലീഗിലും ഉസ്താദ് സജീവമായി പ്രവർത്തിച്ചിരുന്നു. യൂനിറ്റ്, പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ പ്രസിഡന്റായും മറ്റും 25 വർഷം ലീഗിൽ പ്രവർത്തിച്ചു. പ്രഭാഷകനായി ഒറ്റ ദിവസം ഇരുപത്തിയാറ് രാഷ്ട്രീയവേദികളിൽ കയറിയിറങ്ങിയ അനുഭവവുമുണ്ട് ഉസ്താദിന്. ജനസേവനം മാത്രമായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യം. നാട്ടിലെ ആശുപത്രിക്ക് സർക്കാർ അനുമതി തരപ്പെടുത്തുന്നതിലും സ്‌കൂളുകൾ, റോഡുകൾ, വൈദ്യുതി തുടങ്ങിയ വികസനങ്ങൾ കൊണ്ടുവരുന്നതിലും ഉസ്താദ് നിർണായക പങ്കുവഹിച്ചു. മതപ്രഭാഷണങ്ങളിലും ഖണ്ഡന പ്രഭാഷണങ്ങളിലും ഉസ്താദിന് വലിയ താത്പര്യമായിരുന്നു. നാൽപ്പത് ദിവസം തുടർച്ചയായി വഅള് പറഞ്ഞ അനുഭവങ്ങളുണ്ട്.

ജാമിഅയിൽ നിന്നിറങ്ങിയ ഉടൻ ആരംഭിച്ച തദ്‌രീസ് ഇന്നും മുടങ്ങാതെ തുടരുന്നു. നാൽപ്പത്തിനാല് വിദ്യാർഥികളുമായി പുളിയക്കോട് ആക്കപ്പറമ്പിലായിരുന്നു ആദ്യത്തെ ദർസ്. പിന്നീട് തിരുവള്ളൂരിൽ എട്ട് വർഷം സേവനം ചെയ്തു. ശേഷം മുന്നിയൂരിലും അരിയാപുരത്തും താത്തൂരും ദർസ് നടത്തി. പാലക്കാട് ജന്നത്തുൽ ഉലൂമിലും ഉസ്താദ് സേവനം ചെയ്തിരുന്നു. പിന്നീട് എടവണ്ണപ്പാറ ദാറുൽ അമാൻ കോളജിലും കൊണ്ടോട്ടി ബുഖാരി ദഅ്‌വാ കോളജിലുമായി ദർസ് നടത്തി. 1994ൽ സേവനം പൂർണമായും ബുഖാരിയിലാക്കി. സമസ്ത പുനഃസംഘടനയുടെ കാലത്ത് സ്ഥാപനങ്ങളുടെ കമ്മിറ്റികളിൽ നേതൃകാര്യങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെയായി. എ പി ഉസ്താദടക്കമുള്ള പണ്ഡിതന്മാരുടെയും അഭ്യുദയകാംക്ഷികളുടെയും ആവശ്യപ്രകാരമാണ് കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളുടെ കമ്മിറ്റിയിൽ ചേർന്നത്.

ഇ കെ ഉസ്താദാണ് കൂടുതൽ സ്വാധീനിച്ച ഗുരു. നല്ല ബന്ധമായിരുന്നു തമ്മിൽ. പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിൽ പങ്കെടുത്തതു കാരണം ലീഗുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 1976ൽ സമസ്തയുടെ താലൂക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ചുതുടങ്ങിയ ഉസ്താദ്, ഇപ്പോൾ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമാണ്. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളുടെ കാര്യദർശിയാണ്. ഇന്ത്യക്കകത്തും പുറത്തും ഇസ്്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ശൗകത്ത് നഈമി അൽബുഖാരി, സുന്നത്ത് മാസിക എഡിറ്റർ ശഫീഖ് ബുഖാരി കാന്തപുരം, എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി അടക്കമുള്ള നിരവധി പണ്ഡിതർ ഉസ്താദിന്റെ ശിഷ്യഗണങ്ങളാണ്.

മദ്‌റസാധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ രൂപവത്കരണകാലം മുതൽക്കുള്ള ജനറൽ സെക്രട്ടറിയാണ് തെന്നല ഉസ്താദ്. മുഅല്ലിം സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിർണായക ഘട്ടങ്ങളിൽ പി കെ എം ബാഖവി അണ്ടോണയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പ്രായാധിക്യത്തിലും സംഘടനാ മീറ്റിംഗുകളിലെ സ്ഥിരസാന്നിധ്യമാണ് ഉസ്താദ്. നേതൃപഥങ്ങൾ അലങ്കരിക്കുമ്പോഴും കുട്ടികളോടും മുതിർന്നവരോടും പ്രായമായവരോടുമെല്ലാം പുഞ്ചിരി തൂകി കുശലാന്വേഷണം നടത്തുകയും സുഖവിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്യുന്നതാണ് ഉസ്താദിന്റെ ശൈലി. എല്ലാ വിഷയത്തിലും ആലോചിച്ചു മാത്രം മറുപടി പറയുന്ന ഉസ്താദ് ആരുടെ മുമ്പിലും പതറാതെ കാര്യങ്ങൾ പറയുന്ന പ്രകൃതക്കാരനാണ്. അബൂഹനീഫൽ ഫൈസി എന്ന പേരിൽ അറിയപ്പെടുന്നുവെങ്കിലും യഥാർഥ പേര് കുഞ്ഞലവി എന്നാണ്.

അരനൂറ്റാണ്ടുകാലമായി തെന്നല മഹല്ലിന്റെ സുസമ്മതനായ പ്രസിഡന്റാണ് ഉസ്താദ്. നാടിനും സമൂഹത്തിനും പ്രസ്ഥാനത്തിനും നൽകിയ സ്തുത്യർഹമായ സേവനപ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഉസ്താദിനെ ആദരിക്കാനൊരുങ്ങുകയാണ് ജന്മനാടായ തെന്നല ഗ്രാമം. കർമപഥത്തിൽ ഇനിയും ആയുരാരോഗ്യത്തോടെ പ്രവർത്തിക്കാൻ ഉസ്താദിന് അല്ലാഹു ഉതവി നൽകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.

Latest