Connect with us

Kerala

ഗൂഡല്ലൂർ രാത്രിയാത്രാ നിരോധം; തമിഴ്നാട് സർക്കാർ ഇടപെടണം

രാത്രി കാലങ്ങളിൽ വനമേഖലയിൽ വന്യജീവികൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ തട്ടി അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണ് കർണാടക സർക്കാർ ഈ റൂട്ടിൽ രാത്രി ഗതാഗതം നിരോധിച്ചിരിക്കുന്നത്

Published

|

Last Updated

ഗൂഡല്ലൂർ | ദേശീയപാത 67ലെയും 212ലെയും രാത്രിയാത്രാ നിരോധം പിൻവലിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട് സർക്കാർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം.

ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, നീലഗിരി-വയനാട് എൻ എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിരന്തരം സമരം നടത്തിവരികയാണ്. നൈറ്റ് ട്രാവലിംഗ് പ്രൊട്ടക്ഷൻ കമ്മിറ്റിയും സമര രംഗത്തുണ്ടായിരുന്നു. രാത്രി യാത്രാ നിരോധം കാരണം വ്യാപാരികൾ, തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവർ ബുദ്ധിമുട്ടിലാണ്. കർണാടകയിൽ രൂപവത്കരിച്ച കർണാടക- തമിഴ്നാട്- കേരള നൈറ്റ് ട്രാവലിംഗ് പ്രൊട്ടക്ഷൻ കമ്മിറ്റിയുമായി യോജിച്ച് പ്രവർത്തിക്കാൻ പ്രസ്തുത കമ്മിറ്റി തീരുമാനമെടുക്കുകയും നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സമരങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. ഡി എം കെ, കോൺഗ്രസ്സ്, സി പി എം, സി പി ഐ, വി സി കെ, മുസ്‌ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടികളും നിരന്തരം സമരം നടത്തിയിരുന്നു. ഇപ്പോൾ ഡി എം കെക്ക് തമിഴ്നാട്ടിൽ അധികാരം ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെട്ട് കർണാടക സർക്കാറുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം. നീലഗിരി, മൈസൂർ, വയനാട്, മലപ്പുറം ജില്ലകൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബന്ധമാണ് രാത്രിയാത്രാനിരോധവുമായി ബന്ധപ്പെട്ട് ഇല്ലാതായിരിക്കുന്നത്. നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയെ രാത്രിയാത്രാ നിരോധം കാര്യമായി ബാധിച്ചിട്ടുണ്ട്. രാത്രിയാത്രാനിരോധ വിഷയത്തിൽ കർണാടക സർക്കാർ സ്വീകരിക്കുന്ന നിഷേധാതാമക നിലപാട് അന്തർസംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതാണ്. തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നീലഗിരിയിലെ ജനങ്ങളുടെ ആവശ്യം.

മലപ്പുറം, നീലഗിരി ജില്ലകളിൽ നിന്ന് വ്യാപാരികൾ മൈസൂരിലേക്കും ഗുണ്ടിൽപേട്ടയിലേക്കും പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുകൾ എടുക്കാൻ ദിനംപ്രതി പോകുന്നവരാണ്. അവർ ചരക്ക് എടുത്ത് തിരികെ വരുമ്പോൾ ചെക്ക്പോസ്റ്റ് അടക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. രാത്രി ഒമ്പത് മണിയോടെ അതിർത്തി ചെക്ക്പോസ്റ്റുകൾ അടക്കുന്നതോടെ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കാറാണ് പതിവ്. മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ആശുപത്രിയിൽ പോയി തിരിച്ചു വരുന്ന സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും വരെ കൊടും കാട്ടിൽ രാത്രി സമയം മുഴുവനും അകപ്പെടുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കർണാടകയുടെ ചെക്ക്പോസ്റ്റ് കർണാടകയും തമിഴ്നാട് അതിർത്തിയിലെ ചെക്ക്പോസ്റ്റ് തമിഴ്നാടും അടച്ചിടും. അപ്പോഴും യാത്രക്കാർ വഴിയിൽ കുടുങ്ങും.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് വനപാതയിൽ മേൽപ്പാലം നിർമിക്കണമെന്നാവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. രാത്രി കാലങ്ങളിൽ വനമേഖലയിൽ വന്യജീവികൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ തട്ടി അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണ് കർണാടക സർക്കാർ ഈ റൂട്ടിൽ രാത്രി ഗതാഗതം നിരോധിച്ചിരിക്കുന്നത്.