Connect with us

Prathivaram

ഗ്രീൻമാൻ

ഇന്ത്യൻ ഭരണാധികാരികളുടെ ജനനന്മ ലാക്കാക്കിയുള്ള ശാസ്ത്രീയ സമീപനങ്ങൾക്കൊപ്പം നാട്ടിലെ കാർഷിക ഗവേഷണ പദ്ധതികളുടെ ചുക്കാൻ പിടിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥന്റെ പ്രവർത്തനങ്ങൾ അർഥവത്തായത്. ഇന്ത്യൻ മഹത്തുക്കളായ ഗാന്ധിജിക്കും ടാഗോറിനുമൊപ്പം ടൈം മാഗസിൻ അദ്ദേഹത്തെ മഹാനായ ഭാരതീയനായി വിലയിരുത്തിയതും വിശപ്പിനെ തുരത്താൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയത്തിലാണ്.

Published

|

Last Updated

എം എസ് സ്വാമിനാഥന്റെ പ്രാധാന്യം പരിശോധിക്കുന്നതിനു മുമ്പ് ചിന്തിക്കേണ്ടത് സ്വാതന്ത്ര്യാനന്തര കാലത്തെ വിശക്കുന്ന ജനതയെ കുറിച്ചാണ്. അപ്പോഴാണ് ഈ ജനകീയ ശാസ്ത്രകാരൻ ആദരണീയനാകുന്നത്. അനുനിമിഷം കുതിച്ചുയരുന്ന ജനസംഖ്യ. പാടങ്ങളിലെ വിളവാണെങ്കിൽ ഇന്നത്തേതിലും അറുപത്തി ഒന്നിലൊന്നു മാത്രവും. വിശപ്പിന്റെ നിലവിളികളായിരുന്നു എമ്പാടും.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഇന്ത്യൻ ഭരണാധികാരികളുടെ ജനനന്മ ലാക്കാക്കിയുള്ള ശാസ്ത്രീയ സമീപനങ്ങൾക്കൊപ്പം നാട്ടിലെ കാർഷിക ഗവേഷണ പദ്ധതികളുടെ ചുക്കാൻ പിടിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥന്റെ പ്രവർത്തനങ്ങൾ അർഥവത്തായത്. ഇന്ത്യൻ മഹത്തുക്കളായ ഗാന്ധിജിക്കും ടാഗോറിനുമൊപ്പം ടൈം മാഗസിൻ അദ്ദേഹത്തെ മഹാനായ ഭാരതീയനായി വിലയിരുത്തിയതും വിശപ്പിനെ തുരത്താൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയത്തിലാണ്.

പിറന്ന നാട്ടിൽ നിന്നു ലഭിച്ച വിദ്യാഭ്യാസം – തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, കോയമ്പത്തു ർ കാർഷിക കോളജ് – നമ്മുടെ നാട്ടു സാഹചര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തെ പര്യാപ്തനാക്കി. അതിലുപരിയായി വിദേശ ഗവേഷണ സ്ഥാപനത്തിൽ നടത്തിയ സസ്യജനിതക ശാസ്ത്ര ഗവേഷണം ധാന്യങ്ങളുടെ ഉത്പാദന മികവിനു സ്വീകരിക്കേണ്ട ആധുനിക സമീപനങ്ങളെ കുറിച്ചുള്ള ധാരണ അദ്ദേഹത്തിനുണ്ടാക്കി.
1954 ൽ നോർമൻ ബോർലിംഗ് മെക്സിക്കൻ ഗോതമ്പിന്റെ രോഗപ്രതിരോധ ശേഷിയും അത്യുത്പാദന ശേഷിയുള്ളതുമായ ഇനത്തെ ഉരുവപ്പെടുത്തിയതിനെ പിൻപറ്റി നടത്തിയ ഗവേഷണങ്ങളാണ് ഇന്ത്യൻ ഹരിത വിപ്ലവത്തിനു തുടക്കമിട്ടത്. ഉത്പാദനശേഷിയുള്ള ഗോതമ്പ്, അരി ഇനങ്ങളിലൂടെ ഭക്ഷ്യക്ഷാമം തുടച്ചു നീക്കുന്ന പ്രവർത്തനങ്ങൾ ഡോ. സ്വാമിനാഥന്റെ നേതൃത്വം വിജയകരമായ നേട്ടങ്ങൾ കൈവരിച്ചു. നൊബേൽ സമ്മാനിതനായ ബോർലോംഗ് തന്റെ വിജയത്തിനു പിന്നിലെ സ്വാമിനാഥന്റെ ശ്രമങ്ങളെ അംഗീകരിച്ചിരുന്നു.

ലോക ജനസംഖ്യയുടെ പകുതിയും അരി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരാണ്. ഇന്ത്യയുടെ അരി കയറ്റുമതി വിഹിതം ഇന്ന് 40 ശതമാനമാണ്. വിശപ്പില്ലാത്ത ഇന്ത്യയും ലോകവും നിർമിക്കുന്നതിൽ ഡോ. സ്വാമിനാഥൻ വഹിച്ച പങ്കിനാലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്.
സാധാരണക്കാരുടെ ജീവിതങ്ങൾക്ക് താങ്ങാകുക എന്ന ലക്ഷ്യപൂർത്തീകരണമാണ് സ്വാമിനാഥൻ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനു പിന്നിലെ ചേതോവികാരം. കേരളത്തിനെ വേഗത്തിൽ ഗ്രസിക്കാൻ സാധ്യതയുള്ള കാലാവസ്ഥാ കെടുതികൾക്കെതിരെയുള്ള ഫൗണ്ടേഷൻ പ്രവർത്തനങ്ങളാണ് കുട്ടനാടൻ പാക്കേജിന് പിന്നിലുള്ളത്. സ്വന്തം നാടിനെ കുറിച്ചുള്ള ഒരു മഹാ ശാസ്ത്രകാരന്റെ കരുതൽ ഇവിടെ ദർശിക്കാവുന്നതാണ്.

ഡോ. എം എസ് സ്വാമിനാഥൻ വേൾഡ് ഫുഡ് പ്രൈസ് പുരസ്കൃതൻ എന്നതും ഫിലിപ്പൈൻസിലെ ഇന്റർനാഷനൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറകർ ആയിരുന്നതും മലയാളികൾക്ക് അഭിമാനകരമാണ്. നാടിനു ചേരുന്ന സാങ്കേതികതകൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ഇന്ത്യൻ ഹരിത വിപ്ലവം, ധവള വിപ്ലവം -വർഗീസ് കുര്യൻ -എന്നിങ്ങനെ സാധാരണ ജനതയുടെ സാമ്പത്തിക ആരോഗ്യ രംഗത്തെ അടിമുടി മാറ്റിയത് മലയാളികളാണെന്ന കാര്യവും സ്മരണീയമാണ്.

അമ്പിളിക്കലയിലേക്ക് റോവറിനെ ഇറക്കിയ ശാസ്ത്രീയ നേട്ട സന്തോഷത്തിനിടയിലാണ് ഭാരതീയ ഹരിത വിപ്ലവത്തിന്റെ പിതാവിന്റെ വേർപാട്. ജനതയുടെയും രാജ്യത്തിന്റെയും വികാസത്തിനു യത്നിക്കുകയാണ് ഏതൊരാളുടെയും കർത്തവ്യമെന്ന് ഈ ജീവിതം പഠിപ്പിക്കുന്നു. ശാസ്ത്രവികാസത്തിലൂടെ മാത്രമേ രാജ്യ പുരോഗതി കൈവരിക്കാനാകുകയുള്ളൂ എന്നതും ഡോ. സ്വാമിനാഥന്റെ ജീവിതം കാട്ടിത്തരുന്നു.

Latest