Connect with us

International

ഗ്രീൻ കാർഡ്: നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ സ്ഥിരതാമസക്കാർക്കുള്ള കാർഡിന് സാധാരണയായി ഉപയോഗിക്കുന്ന പേരാണ് ഗ്രീൻ കാർഡ്. യു.എസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരുടെ സ്വപ്നമാണ് ഗ്രീന്‍ കാര്‍ഡ്. എന്നാല്‍ മുമ്പ് 2016 ല്‍ നടന്ന ഇലക്ഷന്‍ പ്രചരണത്തില്‍ ട്രംപുയര്‍ത്തിയ പ്രാദേശികവാദം കുടിയേറ്റ തൊഴിലാളികളുടെ ഈ സ്വപ്നത്തിന് ഇരുട്ടടിയായിരുന്നു.

Published

|

Last Updated

വാഷിംഗ്ടൺ | അമേരിക്കൻ കോളേജുകളിൽ നിന്നുള്ള വിദേശ ബിരുദധാരികൾക്ക് ഗ്രീൻ കാർഡ് നൽകുന്നതിൽ നിലപാട് മയപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കോളേജുകളിൽ നിന്നുള്ള വിദേശ ബിരുദധാരികൾക്ക് ഗ്രീൻ കാർഡ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓൾ-ഇൻ പോഡ്‌കാസ്റ്റിനോട് സംസാരിക്കവെയാണ് ട്രംപിന്റെ നിലപാടുമാറ്റം.

“നിങ്ങൾ ഒരു കോളേജിൽ നിന്ന് ബിരുദം നേടുക, ഈ രാജ്യത്ത് തുടരാൻ കഴിയുന്നതിന് നിങ്ങളുടെ ഡിപ്ലോമയുടെ ഭാഗമായി നിങ്ങൾക്ക് ഒരു ഗ്രീൻ കാർഡ് സ്വയമേവ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,” – കുടിയേറ്റക്കാരെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

ജൂനിയർ കോളേജുകൾ എന്നറിയപ്പെടുന്ന രണ്ട് വർഷത്തെ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്നവരും ഡോക്ടറൽ ബിരുദധാരികളും ഉൾപ്പെടെ ഒരു കോളേജിൽ നിന്ന് ബിരുദം നേടിയ എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തണമെന്നും പോഡ്‌കാസ്റ്റിൽ ട്രംപ് വ്യക്തമാക്കി. വിദേശ ടെക്കികളെ ഇറക്കുമതി ചെയ്യാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുമോ എന്ന പോഡ്‌കാസ്റ്റിന്‍റെ ചോദ്യത്തിന്, ലോകമെമ്പാടുമുള്ള ഏറ്റവും മികച്ചതും തിളക്കമാർന്നതും അമേരിക്കയ്ക്കാകട്ടെ, ഞാനത് വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ സ്ഥിരതാമസക്കാർക്കുള്ള കാർഡിന് സാധാരണയായി ഉപയോഗിക്കുന്ന പേരാണ് ഗ്രീൻ കാർഡ്. യു.എസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരുടെ സ്വപ്നമാണ് ഗ്രീന്‍ കാര്‍ഡ്. എന്നാല്‍ മുമ്പ് 2016 ല്‍ നടന്ന ഇലക്ഷന്‍ പ്രചരണത്തില്‍ ട്രംപുയര്‍ത്തിയ പ്രാദേശികവാദം കുടിയേറ്റ തൊഴിലാളികളുടെ ഈ സ്വപ്നത്തിന് ഇരുട്ടടിയായിരുന്നു.

ഇന്ത്യൻ ടെക്കികൾക്കിടയിൽ പ്രചാരമുള്ള H-1B വിസകൾ വഴി കുറഞ്ഞ വേതനമുള്ള തൊഴിലാളികളെ നിയമിക്കുന്നതിന് പകരം ഐ.ടി മേഖലകളില്‍ അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്ന് പ്രതിജ്ഞയെടുക്കാന്‍ ട്രംപ് 2016ൽ അമേരിക്കന്‍ തൊഴിൽ ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ശക്തമായ പ്രാദേശിക വികാരം ഇളക്കിവിട്ടാണ് ആ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചത്. അതേ ട്രംപ് തന്നെയാണ് ഇപ്പോള്‍ കളം‌ മാറ്റി ചവിട്ടുന്നത്.

2017മുതല്‍ 2021 വരെയുള്ള കാലത്ത് അമേരിക്കൻ പ്രസിഡൻറായിരുന്നപ്പോള്‍ യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ ഉത്തരവിടുകയും മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് ട്രംപ്. തീവ്രദേശീയവാദമായിരുന്നു ട്രംപിന്‍റെ അന്നത്തെ തുറുപ്പ് ചീട്ട്. അമേരിക്കന്‍ പൗരന്മാരില്‍നിന്നു തന്നെ ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. തന്‍റെ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനുമായ നിലവിലെ പ്രസിഡണ്ട് ജോ ബൈഡൻ ചൊവ്വാഴ്ച യുഎസ് പൗരന്മാരുടെ ജീവിത പങ്കാളികളായ അരലക്ഷത്തോളം പേര്‍ക്ക് വിസ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷമാണ് ട്രംപിന്‍റെ ഈ മനംമാറ്റമെന്ന് കരുതുന്നു.

---- facebook comment plugin here -----

Latest