Kerala
ജപ്തി നടപടിക്കിരയായ ഓമനക്ക് 75,000 രൂപയും പലിശയും സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കുടിശ്ശിക ഉള്ളതിനാല്‍ പൂര്‍ണമായ തുക നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ഓമന അടയ്‌ക്കേണ്ടതുണ്ട്.

തൃശൂര്‍ | തൃശൂരിലെ മുണ്ടൂരില്‍ ബേങ്കിന്റെ ജപ്തി നടപടിക്കിരയായ ഓമനയുടെ കുടുംബത്തിന് 75,000 രൂപയും പലിശയും സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എന്നാല്‍ കുടിശ്ശിക ഉള്ളതിനാല്‍ പൂര്‍ണമായ തുക നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ഓമന അടയ്‌ക്കേണ്ടതുണ്ട്.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വീട്ടിലെത്തി ഓമനയും കുടുംബവുമായി സംസാരിച്ചു. നടപടികള്‍ക്ക് ശേഷം കോടതിയില്‍ നിന്ന് താക്കോല്‍ തിരിച്ചുവാങ്ങി ഓമനക്ക് നല്‍കും.
മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരുടെ വീടാണ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്തത്. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കിയാണ് ബാങ്ക് അധികൃതര്‍ വീട് സീല്‍ ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് അധികൃതരുടെ ജപ്തി നടപടി. രാവിലെ 10 മണിയോടു കൂടി പരിഹാരം കാണാമെന്ന ഉറപ്പില്‍ കുടുംബം ബന്ധു വീട്ടിലേക്ക് മാറി.
രണ്ടര സെന്റ് സ്ഥലത്ത് വീട് നിര്‍മിക്കുന്നതിന് വേണ്ടി ഓമനയെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബേങ്ക് ജപ്തി നടപടി സ്വീകരിച്ചത്. 2013ലാണ് 1,20,000 രൂപ ഓമനയുടെ കുടുംബം വായ്പയെടുത്തത്. ഓമനയുടെ ഭര്‍ത്താവ് അര്‍ബുദ ബാധിതനായി മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇക്കാലയളവ് വരെ പലിശയടക്കം ആറ് ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണ് ബേങ്ക് അധികൃതര്‍ പറയുന്നത്.