Connect with us

ആത്മായനം

നല്ല സൗഹൃദങ്ങൾ

നമ്മൾ നമ്മളെത്തന്നെ എങ്ങനെ കാണുന്നു എന്നത് നമ്മുടെ സുഹൃത്തുക്കൾ നമ്മോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നല്ല സുഹൃത്തുക്കൾ നമ്മുടെ കഴിവുകളെ പോസിറ്റീവായി പ്രതിഫലിപ്പിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു.

Published

|

Last Updated

ല്ല സൗഹൃദങ്ങൾ നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. മറ്റാരെക്കാളും ഒരു മനുഷ്യനിൽ സ്വാധീനം ചെലുത്താൻ സുഹൃത്തുക്കൾക്ക് കഴിയും. നന്മയായും തിന്മയായും. ഒരാൾ നല്ലവനാണോ മോശക്കാരനാണോ എന്ന് വിലയിരുത്താൻ അയാളുടെ കൂട്ടുകാരുടെ പ്രവൃത്തികൾ നിരീക്ഷിച്ചാൽ മതിയാകും. ഇബ്നു മസ്്ഊദ് (റ) പറഞ്ഞു: നിങ്ങൾ ജനങ്ങളെ അവരുടെ കൂട്ടുകാരെ കൊണ്ട് വിലയിരുത്തുക. കാരണം, ഒരുവൻ തനിക്ക് ഇഷ്‌ടപ്പെട്ടവരുമായല്ലാതെ കൂട്ടുകൂടില്ല. തിന്മ ചെയ്യുന്നവർ, ബിദ്അത്തുകാർ, ജനങ്ങളെ പരദൂഷണം പറയുന്നവർ എന്നിങ്ങനെയുള്ളവരുമായുള്ള സഹവാസം ഉപേക്ഷിക്കുകയാണ് വേണ്ടത്. തെറ്റായ വിശ്വാസം, അക്രമവാസന, മോശം സ്വഭാവം തുടങ്ങി ചീത്ത കാര്യങ്ങളാണ് അതുവഴി പങ്കുവെക്കപ്പെടുക. നല്ലവരുമായുള്ള കൂട്ട് ശരിയായ വിശ്വാസവും മര്യാദയും സദ്സ്വഭാവവും പകർന്നു നൽകും.

പോസിറ്റീവും നെഗറ്റീവുമായ സൗഹൃദത്തെ തിരുദൂതർ(സ) പഠിപ്പിച്ചത് നല്ലൊരു ഉപമയിലൂടെയാണ്. പോസിറ്റീവ് ഫ്രണ്ട്സ് കസ്‌തൂരി വിൽപ്പനക്കാരെ പോലെയാണ്. ഒന്നുകിൽ അയാൾ നിങ്ങൾക്കത് സൗജന്യമായി തരും, അല്ലെങ്കിൽ നിങ്ങൾക്കത് വിലക്ക് വാങ്ങാം. അതുമല്ലെങ്കിൽ ചുരുങ്ങിയപക്ഷം അയാളുടെ അടുത്തുനിന്നും നല്ല സുഗന്ധമെങ്കിലും നിങ്ങൾക്ക് ലഭിക്കും. അയാളുടെ സാമീപ്യം കൊണ്ട് കിട്ടുന്നതെന്തും നല്ലതെന്ന് സാരം. എന്നാൽ, നെഗറ്റീവ് ഫ്രണ്ട്സ് കരുവാനെ പോലെയാണ്. അയാൾ ഉലയിൽ ഊതുമ്പോൾ തീ പൊട്ടുകൾ തെറിച്ച് ഒന്നുകിൽ നിങ്ങളുടെ വസ്ത്രം കരിഞ്ഞുപോകും, ഒന്നുകിൽ തീയുടെ ചൂടും പുകയും നിങ്ങളെ അലോസരപ്പെടുത്തും അല്ലെങ്കിൽ അവിടെനിന്നുള്ള ദുർഗന്ധമെങ്കിലും അസ്വസ്ഥപ്പെടുത്തും. ചീത്ത കൂട്ടുകാരിൽ നിന്ന്, നമ്മുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ഘടകങ്ങളേ ലഭിക്കൂവെന്ന് സാരം. അതുകൊണ്ട് കൂട്ടുകാരുടെ തിരഞ്ഞെടുപ്പ് അതിയായ ശ്രദ്ധ ആവശ്യമുള്ള കാര്യമത്രേ.

നന്മ ചെയ്യാൻ തന്നെ സഹായിക്കുന്ന കൂട്ടുകാരെ തിരഞ്ഞെടുക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. കാരണം തന്റെ ആത്മാവിന്റെ സംസ്കരണത്തിനും (തസ്‌കിയ) നന്മക്കും (സ്വലാഹ്) ഉള്ള ഏറ്റവും വലിയ കാരണങ്ങളിലൊരാളാണവൻ. അതുപോലെ തിന്മയുടെ കൂട്ടുകാരെയും നാശത്തിന്റെ വക്താക്കളെയും സൂക്ഷിക്കേണ്ടതുണ്ട്. കാരണം അവർ പകർച്ചവ്യാധിയേക്കാൾ അപകടകാരികളുമാണ്.

നല്ല സൗഹൃദങ്ങൾക്ക് (Healthy friendship)വേണ്ട ചിലത് വായിക്കാം. സത്യവിശ്വാസി അവന്റെ സഹോദരന്റെ കണ്ണാടിയാണെന്ന തിരുവചനം (അബൂദാവൂദ്) നല്ല സൗഹൃദത്തിന്റെ സമ്പൂർണതയെ അടയാളപ്പെടുത്തുന്നുണ്ട്. “The mirroring Effect’ എന്ന മനഃശാസ്‌ത്ര നിരീക്ഷണവും അങ്ങനെ രൂപപ്പെട്ടതാണ്. നമ്മൾ നമ്മളെത്തന്നെ എങ്ങനെ കാണുന്നു എന്നത് നമ്മുടെ സുഹൃത്തുക്കൾ നമ്മോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നല്ല സുഹൃത്തുക്കൾ നമ്മുടെ കഴിവുകളെ പോസിറ്റീവായി പ്രതിഫലിപ്പിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. എന്റെ മോശങ്ങൾ വെളിപ്പെട്ടേക്കുമെന്ന് കരുതി നമ്മൾ കണ്ണാടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാറില്ലല്ലോ. എന്ന പോലെ കൂട്ടുകാർ നമ്മെ വിലയിരുത്തുന്നതിനെ വൈകാരികമായൊരു സുരക്ഷിതത്വമായി (psychological safety) കരുതാൻ നമുക്കാകണം.

മർഹൂം ഒ ഖാലിദ് സാഹിബിന്റെ ജീവിതം പറയുന്ന ഒരു സംസാരത്തിനിടെ സുഹൃത്തുക്കളിലെ തെറ്റുകൾ തിരുത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ജാഗ്രതയും തന്റെ വ്യക്തി ജീവിതത്തിലും സംഘാടനത്തിലും പ്രഭാഷണത്തിലും സംഭവിക്കുന്ന തെറ്റ് തിരുത്താൻ കൂട്ടുകാരോട് നിർദേശിക്കുന്നതും സ്‌മരിച്ചത് കേൾക്കാനിടയായി. അത്തരം നല്ല മാതൃകകളാണ് നമ്മളും പിന്തുടരേണ്ടത്. നമ്മുടെ ആശയങ്ങൾ, ആദർശങ്ങൾ, താത്പര്യങ്ങൾ, പുരോഗതികൾ എന്നിവയോടൊപ്പം നിൽക്കുന്ന കൂട്ടുകാരെയാണ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങൾ സത്യവിശ്വാസികളോടൊപ്പമല്ലാതെ കൂട്ടുകൂടരുതെന്ന തിരു വാക്യം അതാണ് പഠിപ്പിക്കുന്നത് (അഹ്‌മദ്, അബൂദാവൂദ്). മനഃശാസ്‌ത്രത്തിലെ Homophily എന്ന തത്ത്വത്തിന്റെ ആശയവുമതാണ്.

Birds of a feather flock together എന്ന ചൊല്ല് പോലെ ഒരേ സ്വഭാവമുള്ളവർ/ ഒരേ താത്പര്യമുള്ളവർ എപ്പോഴും ഒന്നിച്ചുചേരുന്നു. അത്തരം ബന്ധങ്ങൾക്ക് കൂടുതൽ നന്മകൾ നിർമിക്കാനും കഴിയും. ബഹുമാനപ്പെട്ട ദാവൂദ് ത്വാഇയോട്(റ) ഉപദേശം തേടിയ വ്യക്തിക്ക് അവിടുന്ന് കൊടുത്ത മറുപടി നിങ്ങൾ ഭയഭക്തിയുള്ളവരെ സുഹൃത്താക്കൂ എന്നായിരുന്നു. അന്ത്യനാളിൽ അല്ലാഹു പറയും: എനിക്കു വേണ്ടി പരസ്പരം സ്‌നേഹിച്ചവരെവിടെ? എന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിനം അവരെന്റെ തണലിലാണ് (മുസ്്ലിം) എന്നാൽ ദുഷിച്ച സൗഹൃദങ്ങൾ ഇഹലോകത്ത് പ്രയോജനമില്ലാത്ത പോലെ പരലോകത്തും ഉപകാരപ്പെടില്ല. സൂറ: സുഹ്‌റുഫ് 67 അക്കാര്യമിങ്ങനെ അവതരിപ്പിക്കുന്നുണ്ട്. ” അന്നേ ദിവസം, സൗഹൃദങ്ങളിൽ ചിലർ ചിലരുടെ ശത്രുക്കളാണ്. ഭക്തിയുള്ളവരൊഴിച്ച്’.

കൂട്ടുകെട്ടുകൾ കാരണം ദുഷിച്ചു പോയവർ തന്റെ സുഹൃത്തിനെതിരിൽ സംസാരിക്കുന്ന ഗതികേട് എത്ര ദാരുണമായിരിക്കും. തെറ്റുകളിലേക്ക് നയിക്കുന്നവരും അതിന് കൂടെ നിന്ന് തരുന്നവരും നമ്മുടെ യഥാർഥ സുഹൃത്തുകളല്ല; ശത്രുക്കളാണ്. തെറ്റുകളെ ഗുണപരമായി തിരുത്തുന്നവരാണ് (Constructive criticism) കൂട്ടുകാർ. തിരുദൂതരുടെ (സ) അനുചരന്മാരുടെ സൗഹൃദങ്ങൾ കെട്ടുറപ്പുള്ളതായതിൽ ഈയൊരു ഘടകം പ്രധാനമായിരുന്നു. കൂട്ടുകാരൻ ഇരുലോകത്തും വിജയിക്കണമെന്ന അതിയായ ആഗ്രഹമാണ് അവരെ ദൃഢമായ ബന്ധങ്ങളിലേക്ക് നയിച്ചത്.

സുഹൃത്തിന്റെ സ്വകാര്യതകളുടെ അതിരുകൾ മറികടക്കരുത്. മിത്രങ്ങളോടും സുഹൃത്തുക്കളോടും മിത സമീപനമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മിത്രങ്ങൾ ഒരുവേള ശത്രുവാകാം, ശത്രു ആത്മമിത്രവുമാകാം. ദൈവിക തൃപ്‌തിയായിരിക്കണം സൗഹൃദങ്ങളുടെ കാതൽ. ഭൗതികമായ നേട്ടങ്ങൾക്കു വേണ്ടിയുള്ള സൗഹൃദങ്ങൾ കൊണ്ട് നൈമിഷിക നേട്ടങ്ങളെ നേടാനൊക്കൂ. വളർന്നുപന്തലിച്ച ലഹരി മാഫിയകളും നിരീശ്വര പ്രസ്ഥാനങ്ങളും സൈബർ കുറ്റവാളികളും ദുഷിച്ച സൗഹൃദങ്ങളുടെ ഉത്പന്നങ്ങളാണ്. നമ്മുടെ സമയവും സമ്പത്തും ധാർമികതയും കളയുന്ന അത്തരം കൂട്ട് കെട്ടുകളിൽ നിന്ന് അല്ലാഹു കാക്കട്ടെ.

 

 

---- facebook comment plugin here -----

Latest