Connect with us

Business

ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 89 പുതിയ ശതകോടീശ്വരന്മാർ!

ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണത്തിൽ വൻ വർധനവ്; അഞ്ച് വർഷത്തിനിടെ 1.6 ലക്ഷത്തിലധികം പേർ പട്ടികയിൽ

Published

|

Last Updated

ദുബൈ | ആഗോള സാമ്പത്തിക പ്രതിസന്ധികളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിലനിൽക്കുമ്പോഴും ലോകത്ത് അതിസമ്പന്നരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് 2026 വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓരോ ദിവസവും ശരാശരി 89 പുതിയ അതിസമ്പന്നരാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞത് 30 ദശലക്ഷം ഡോളറോ അതിലധികമോ അസ്തിത്വമുള്ള ആളുകളെയാണ് അൾട്രാ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസ് (യു എച്ച് എൻ ഡബ്ല്യു ഐ) ആയി കണക്കാക്കുന്നത്.

റിപ്പോർട്ടിന്റെ ഇരുപതാം പതിപ്പ് പ്രകാരം, 2021 നും 2026 നും ഇടയിൽ ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണത്തിൽ 1,62,191 പേരുടെ വർധനവുണ്ടായി. ഇതോടെ ലോകത്തെ ആകെ അതിസമ്പന്നരുടെ എണ്ണം 5,51,435 ൽ നിന്ന് 7,13,626 ആയി ഉയർന്നു. ആഗോള സമ്പത്തിന്റെ വിതരണത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. അമേരിക്ക ഇപ്പോഴും സമ്പന്നരുടെ പ്രധാന കേന്ദ്രമായി തുടരുമ്പോൾ തന്നെ ഇന്ത്യ, സൗദി അറേബ്യ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്.

പുതിയ അതിസമ്പന്നരിൽ 41 ശതമാനവും അമേരിക്കയിൽ നിന്നുള്ളവരാണ്. ഇതോടെ ലോകത്തെ ആകെ അതിസമ്പന്നരിൽ അമേരിക്കയുടെ പങ്ക് 33 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർന്നു. ഏഷ്യ പസഫിക് മേഖലയും സമ്പത്തിന്റെ കാര്യത്തിൽ പിന്നിലല്ല. ലോകത്തെ അതിസമ്പന്നരിൽ 31 ശതമാനവും ഈ മേഖലയിലാണ്. ലോകത്തെ രണ്ടാമത്തെ വലിയ വെൽത്ത് ഹബ്ബായി ചൈന തുടരുന്നു. ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം 2026 ൽ 3,110 ആയി വർധിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലും വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2021 നും 2026 നും ഇടയിൽ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണത്തിൽ 63 ശതമാനം വർധനവുണ്ടായി. 2031 ഓടെ ഇത് 27 ശതമാനം കൂടി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്തോനേഷ്യയിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച പ്രതീക്ഷിക്കുന്നത് (82 ശതമാനം). സൗദി അറേബ്യയും പോളണ്ടും 63 ശതമാനം വളർച്ച കൈവരിക്കുമെന്നും വിയറ്റ്നാം 59 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു.

മിഡിൽ ഈസ്റ്റ് മേഖലയുടെ പങ്കും വർധിച്ചിട്ടുണ്ട്. ലോകത്തെ അതിസമ്പന്നരിൽ 2.4 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായാണ് മേഖലയുടെ വളർച്ച. ലണ്ടൻ, ന്യൂയോർക്ക്, ദുബായ്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങൾ സുരക്ഷിതമായ നിക്ഷേപ കേന്ദ്രങ്ങളായി അതിസമ്പന്നർ തിരഞ്ഞെടുക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Summary

The Knight Frank Wealth Report 2026 indicates that the global population of ultra-high-net-worth individuals reached 713,626, adding 89 new members daily over the past five years. While the US remains the dominant wealth hub, emerging markets like India, Saudi Arabia, and Indonesia are experiencing rapid growth. Despite global economic uncertainties, private capital continues to show extraordinary resilience and mobility across strategic global cities.

Latest