From the print
സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക: റഹ്്മത്തുല്ല സഖാഫി
സാമൂഹിക മേഖലയിൽ പിന്നാക്കം നിൽക്കുന്നവരെ ചേർത്തു പിടിച്ച് മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യം

കോഴിക്കോട് | മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യർ കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം. സാമൂഹിക മേഖലയിൽ പിന്നാക്കം നിൽക്കുന്നവരെ ചേർത്തു പിടിച്ച് മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യം. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി യൂനിറ്റ്തലം മുതൽ പ്രവർത്തകരെ സാമൂഹികാഭിമുഖ്യമുള്ളരായി രൂപപ്പെടുത്തുന്നതിനുള്ള കർമപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നതായും അദ്ദേഹം വ്യക്തമാക്കി. എസ് വൈ എസ് സംസ്ഥാന സാമൂഹികം ഡയറക്്ടറേറ്റിന് കീഴിൽ സമസ്ത സെന്ററിൽ സംഘടിപ്പിച്ച സോഷ്യലിഫ്റ്റ് ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ് വൈ എസ് സാമൂഹികം ഡയറക്ടറേറ്റിന് കീഴിൽ നടപ്പാക്കുന്ന ബൃഹത് പദ്ധതികൾക്ക് നേതൃത്വം നൽകുന്ന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങൾക്കു വേണ്ടി നടന്ന ശിൽപ്പശാലയിൽ ലക്ഷ്വദ്വീപ്, നീലഗിരി ഉൾപ്പെടെ 18 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു. ജൂലൈ 25- ആഗസ്റ്റ് 15 കാലയളവിൽ സംസ്ഥാനത്തെ 130 കേന്ദ്രങ്ങളിൽ സോൺ ശിൽപ്പശാലകൾ നടക്കും.
മൂന്ന് സെഷനുകളിലായി നടന്ന ശിൽപ്പശാലയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സംസ്ഥാന പ്രൊജക്ട് കോ- ഓർഡിനേറ്റർ എം പി മുജീബുർറഹ്്മാൻ മുഖ്യാതിഥിയായി. സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, സാമൂഹികം സെക്രട്ടറി ആർ പി ഹുസൈൻ, ഡോ. എം അബ്ദുർറഹ്്മാൻ, സിദ്ദീഖ് സഖാഫി വഴിക്കടവ് പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അശ്‌റഫ് അഹ്‌സനി ആനക്കര, നാസർ പാണ്ടിക്കാട് സംസാരിച്ചു.