Connect with us

National

അജ്മീര്‍ ദര്‍ഗയിലെത്തി ചാദര്‍ സമര്‍പ്പിച്ച് ഗൗതം അദാനിയും ഭാര്യയും

ജാതി മത വ്യത്യാസമില്ലാതെ ഒന്നര ലക്ഷത്തോളം പേരാണ് ദിനംപ്രതി അജ്മീറിലേക്ക് ഒഴുകിയെത്തുന്നത്

Published

|

Last Updated

ജയ്പൂര്‍ | വിശ്വപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ രാജസ്ഥാനിലെ അജ്മീര്‍ ശരീഫിലെത്തി
ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ ഖബറിടത്തില്‍ മഖ്മലി ചാദറും (വെല്‍വെറ്റ് തുണി) പൂക്കളും സമര്‍പ്പിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും. അജ്മീര്‍ ദര്‍ഗാ ഷരീഫും ചിഷ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി ഇരുവരെയും വരവേറ്റു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അദാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എല്ലാവര്‍ക്കും അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെയെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്തയച്ച ചാദറുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. ശിവക്ഷേത്രം പൊളിച്ചാണ് അജ്മീര്‍ ദര്‍ഗ നിര്‍മിച്ചതെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടന രംഗത്തെത്തിയത് വിവാദമായിരുന്നു. അജ്മീര്‍ ദര്‍ഗയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന എന്ന സംഘടനയുടെ നേതാവ് നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനും മറ്റും 2024 നവംബര്‍ 27ന് സിവില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജുമുഅ മസ്ജിദില്‍ സര്‍വേക്കിടെ ആറ് മുസ്ലിം യുവാക്കളെ പോലിസ് വെടിവെച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ നിയമനടപടികളില്‍ രാജ്യത്തെ എല്ലാ സര്‍വേകളും നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് തുടര്‍നടപടി നിര്‍ത്തിയത്.

നിരവധി അസാധാരണ സംഭവങ്ങളിലൂടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന സൂഫീവര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ഇന്ത്യയുടെ സുല്‍ത്താന്‍ എന്ന അര്‍ഥം വരുന്ന സുല്‍ത്വാനുല്‍ ഹിന്ദ്് എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. മരണ ശേഷവും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന അജ്മീറിലേക്ക് ജാതി മത വ്യത്യാസമില്ലാതെ ദിനംപ്രതി ഒന്നര ലക്ഷത്തോളം പേരാണ് ഒഴുകിയെത്തുന്നത്.

 

 

Latest