Connect with us

National

ഗൗരി ലങ്കേഷ് വധം: പ്രതി മോഹന്‍ നായകിന് ജാമ്യം

കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

ബെംഗളുരു| മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതി മോഹന്‍ നായകിന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യത്തെ ആള്‍ കൂടിയാണ് നായക്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോടതിയിലെത്തിയ 23 സാക്ഷികളില്‍ ഒരാള്‍ പോലും സംഭവവുമായി മോഹന്‍ നായകിനു നേരിട്ടു ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയില്ലെന്ന് വിധിയില്‍ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി പറഞ്ഞു. ബെംഗളുരുവിന്റെ പ്രാന്തപ്രദേശമായ കുംബളഗോഡുവില്‍ നായക് ഒരു വീട് വാടകയെക്കെടുത്തതിനെ കുറിച്ചുള്ള വിവരങ്ങളാണ് മിക്ക സാക്ഷികളും പറഞ്ഞതെന്നും കോടതി സൂചിപ്പിച്ചു. എന്നാല്‍, യഥാര്‍ത്ഥ പ്രതികള്‍ക്ക് അഭയമൊരുക്കിയയാളാണ് മോഹന്‍ നായകെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ കുറ്റസമ്മതമൊഴികളും കോടതി ചോദ്യം ചെയ്തു. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന് (കോക്ക) അംഗീകാരം ലഭിക്കും മുന്‍പാണ് കുറ്റസമ്മത മൊഴികള്‍ രേഖപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോക്കയിലെ 19-ാം വകുപ്പ് ഇവയ്ക്കു ബാധകമല്ല. ഇനി കോക്കയിലെ കുറ്റങ്ങള്‍ ശരിയാണെന്നു തെളിയിക്കപ്പെട്ടാലും ഇവര്‍ ചെയ്തതിനു വധശിക്ഷയോ ജീവപര്യന്തമോ നല്‍കാവുന്നതല്ല. പരമാവധി അഞ്ചു വര്‍ഷത്തെ തടവുശിക്ഷയേ നല്‍കാനാകൂവെന്നും കോടതി വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധത്തില്‍ 11-ാം പ്രതിയാണ് മോഹന്‍ നായക്. മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. ബെംഗളുരുവിലെ പ്രാന്തപ്രദേശമായ രാമനഗരത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇതിനായി ഒരു വീട് വാടകയ്ക്കെടുത്തെന്നും കേസിലെ രണ്ട്, മൂന്ന് പ്രതികള്‍ താമസിച്ചത് ഇവിടെയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അഞ്ചുവര്‍ഷത്തിലേറെ നീണ്ട തടവുശിക്ഷ കൂടി ചൂണ്ടിക്കാട്ടിയാണ് നായകിനു കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ വൈകിയത് പ്രതിയുടെ കുറ്റമല്ല. മുന്‍പ് രണ്ടു തവണ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വിശ്വജിത്ത് സൂചിപ്പിച്ചു. അഡ്വ. അമര്‍ കൊറിയയാണ് പ്രതിക്കു വേണ്ടി ഹാജരായത്. സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോഖ് എ നായിക് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ വാദിച്ചു.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്നത്. ബെംഗളുരുവിലെ വീടിനു പുറത്ത് ബൈക്കിലെത്തിയ അക്രമിസംഘം നിരവധി തവണ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ അവര്‍ മരിച്ചു. സംഭവത്തില്‍ 17 പേരാണ് അറസ്റ്റിലായത്. ആകെ 527 സാക്ഷികളുണ്ടെങ്കിലും ഇതില്‍ 90 പേരെ മാത്രമാണ് ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.

 

 

 

Latest