Uae
ഗമാം പദ്ധതി; ജബൽ ദീമിലെ ആദ്യ മുന്തിരി വിളവെടുപ്പ് നടന്നു
ജബൽ ദീമിലെ ഈ പർവത കൃഷി കൽബയെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഷാർജ | ഷാർജയിലെ ഗമാം പദ്ധതിയുടെ ഭാഗമായി ജബൽ ദീമിലെ 850 മീറ്റർ ഉയരത്തിൽ ആദ്യത്തെ മുന്തിരി വിളവെടുപ്പ് വിജയകരമായി നടന്നു.സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഒരു വലിയ കൃഷിവിജയം നേടിയ ഈ പദ്ധതി യു എ ഇയുടെ ഒരു പ്രധാനപ്പെട്ട ടൂറിസം കേന്ദ്രം കൂടിയാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഈ സംരംഭം, മലകൾ നിറഞ്ഞ പ്രദേശം കൃഷിക്ക് അനുയോജ്യമായ ഭൂമിയാക്കി മാറ്റുന്ന ഒരു വലിയ സ്വപ്നത്തിന്റെ പൂർത്തീകരണമാണ്.
“എബൗവ് ദ ക്ലൗഡ്സ്’ എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ആകർഷണം ഇവിടുത്തെ മുന്തിരിത്തോട്ടങ്ങളാണ്. കൂടാതെ ഒലിവ്, ആപ്പിൾ, പൊമെഗ്രനേറ്റ് എന്നിവ ഉൾപ്പെടെ 4,500-ൽ അധികം മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.”മേഘങ്ങൾക്ക് മുകളിൽ’ എന്ന് അർഥം വരുന്ന ഗമാം പദ്ധതി, യു എ ഇയുടെ മലമ്പ്രദേശങ്ങളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പലരും അസാധ്യമെന്ന് കരുതിയ കാര്യം യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഈ വിജയകരമായ മുന്തിരി കൃഷി ഈ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ കൃഷിയുടെ സാധ്യത തെളിയിക്കുന്നു.
കൽബയുടെ തീരത്തിന്റെയും ചുറ്റുമുള്ള മലയിടുക്കുകളുടെയും അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന ഒരു ടൂറിസം കേന്ദ്രം കൂടിയാണിത്. ശൈഖ് ഡോ. സുൽത്താൻ കഴിഞ്ഞ വർഷം ജൂണിൽ നിർമാണത്തിലിരിക്കുന്ന ഈ പദ്ധതി സന്ദർശിക്കുകയും കൃഷി പ്രവർത്തനങ്ങളും ടൂറിസം സൗകര്യങ്ങളും ഒരുപോലെ മുന്നോട്ട് പോകുന്നതിനെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. 4,700 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ അർധവൃത്താകൃതിയിലുള്ള റിട്രീറ്റ് രണ്ട് നിലകളിലായി നിർമിച്ചിരിക്കുന്നു. ഇവിടെ ഒന്നാം നിലയിൽ ഒരു റെസ്റ്റോറന്റ്, തുറന്ന കഫേ, വായനാസ്ഥലം എന്നിവിടങ്ങളിൽ സന്ദർശകർക്ക് മലയിലെ ഫാമിലെ ഉത്പന്നങ്ങൾ ആസ്വദിക്കാനാകും. താഴത്തെ നിലയിൽ കാഴ്ച ഗാലറികൾ, ഒരു മൾട്ടി പർപ്പസ് ഹാൾ, പ്രാർത്ഥനാ മുറി, കുട്ടികളുടെ കളിസ്ഥലം എന്നിവയുമുണ്ട്.
ജബൽ ദീമിലെ ഈ പർവത കൃഷി കൽബയെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. സന്ദർശകർക്ക് മലയിലെ കൃഷിയിൽ നിന്ന് നേരിട്ട് വിളവെടുത്ത് ഭക്ഷണം കഴിക്കുന്നതിന്റെ അനുഭവം ഇവിടെ ലഭിക്കും.ടൂറിസവും കൃഷിയും ഒരുമിപ്പിക്കുന്നത് വരുമാനം വർധിപ്പിക്കാനും നൂതന കൃഷിരീതികളെക്കുറിച്ച് സന്ദർശകരെ ബോധവാന്മാരാക്കാനും സഹായിക്കും. ഈ പദ്ധതിയുടെ വിജയത്തിന് ആവശ്യമായ റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ 650 മീറ്റർ ഉയരത്തിൽ ഒരു അന്താരാഷ്ട്ര ഫിഫാ നിലവാരത്തിലുള്ള സ്റ്റേഡിയവും 100 റൂമുകളുള്ള ടൂറിസ്റ്റ് ഹോട്ടലും ഇവിടെ നിർമിക്കാൻ പദ്ധതിയുണ്ട്. ഗമാം പദ്ധതി ഷാർജയിലെ രണ്ടാമത്തെ വലിയ പർവത ടൂറിസം കേന്ദ്രമാണ്. ഇതിന് മുൻപ് 2021-ൽ ഖോർഫക്കാൻ മലനിരകളിൽ 600 മീറ്റർ ഉയരത്തിൽ ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്ത അൽ സുഹുബ് റെസ്റ്റ് ഏരിയയും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.