Connect with us

National

ജി 20 ഉച്ചകോടി; പ്രധാനമന്ത്രിക്ക് മുന്നിലെ നെയിം പ്ലേറ്റിലും 'ഭാരത്'; പേരുമാറ്റ അഭ്യൂഹം ശക്തമാകുന്നു

ജി 20യുടെ ഭാഗമായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ ലോക നേതാക്കൾക്ക് അയച്ച ഇംഗ്ലീഷ് ഭാഷയിലുള്ള കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് ജി20 വേദിയിലും ഭാരത് ബോർഡ് പ്രത്യക്ഷപ്പെടുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ജി 20 ഉച്ചകോടിയുടെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള നേതാക്കളെ അഭിസംബോധന ചെയ്യുന്നതിന് മുന്നില് ‘ഭാരത്’ എന്ന് എഴുതിയ നെയിം പ്ലേറ്റ് സ്ഥാപിച്ചത് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ജി 20യുടെ ഭാഗമായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ ലോക നേതാക്കൾക്ക് അയച്ച ഇംഗ്ലീഷ് ഭാഷയിലുള്ള കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് ജി20 വേദിയിലും ഭാരത് ബോർഡ് പ്രത്യക്ഷപ്പെടുന്നത്.

ഈ മാസം 18 മുതൽ ചേരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടയിലാണ് ഭാരത് പ്രയോഗം ഔദ്യോഗിക തലത്തിൽ കൂടുതലായി ഉപയോഗിച്ച് വരുന്നത്.

വിദേശ പ്രതിനിധികൾക്ക് നൽകിയ ഇന്ത്യയുടെ സാംസ്കാരിക സവിശേഷതളെ കുറിച്ചുള്ള ജി 20 ലഘുലേഖയിലും ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് പ്രയോഗിച്ചിരുന്നത്. “ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ്. ഭരണഘടനയിലും 1946-48 ലെ ചർച്ചകളിലും ഇത് പരാമർശിച്ചിട്ടുണ്ട്.’ എന്നും ലഘുലേഖയിൽ പറയുന്നുണ്ട്.

പ്രതിപക്ഷം ഇന്ത്യ എന്ന പേരിൽ സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഭാരത് പ്രയോഗം ഉപയോഗിച്ച് തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ സഖ്യത്തെ പേടിച്ചാണ് ഭാരത് പ്രയോഗം എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.