Connect with us

International

അപര്യാപ്തമായ പൊതുസേവനങ്ങള്‍; ഫ്രാന്‍സില്‍ സ്‌കൂളുകള്‍ ഉപരോധിച്ച് വിദ്യാര്‍ഥികള്‍

ഉപരോധം പൊളിഞ്ഞുവീഴാറായ സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുക, ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കുക, സര്‍വകലാശാലകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക തുടങ്ങിയവ മുന്‍നിര്‍ത്തി.

Published

|

Last Updated

പാരിസ് | ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ ഉപരോധിച്ചു. പൊളിഞ്ഞുവീഴാറായ സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുക, ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കുക, സര്‍വകലാശാലകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു സ്‌കൂള്‍ ഉപരോധം. രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ഇന്നലെ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം പുനരാരംഭിക്കുകയായിരുന്നു.

പാരീസ്, റെന്നെസ്, ടൂളൂസ്, ലിയോണ്‍ തുടങ്ങിയ വിവിധ നഗരങ്ങളില്‍ 500ഓളം സ്‌കൂളുകള്‍ ഉപരോധിച്ചെന്ന് വിദ്യാര്‍ഥി സംഘടനയായ ‘യൂണിയന്‍ സിന്‍ഡിക്കേല്‍ ലൈസീന്‍’ അവകാശപ്പെട്ടെങ്കിലും 48 സ്‌കൂളുകളാണ് ഉപരോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധത്തെ തടയാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് യൂണിയന്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകളോടൊപ്പം ഉപരോധങ്ങള്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരുന്നു.

വിലക്കയറ്റത്തിനും അപര്യാപ്തമായ പൊതുസേവനങ്ങള്‍ക്കുമെതിരെ ഫ്രാന്‍സില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ഉപരോധങ്ങള്‍. കഴിഞ്ഞ മൂന്നാഴ്ചകളിലായി ലക്ഷക്കണക്കിന് പേരാണ് ഇതിന്റെ ഭാഗമായി തെരുവിലിറങ്ങിയത്. ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭം ബെല്‍ജിയം, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമായിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിലെ ഉപരോധം എന്ന അര്‍ഥം വരുന്ന ‘ബ്ലോക്കസ്’ എന്ന പദം ഒരു ജനപ്രിയ ഹാഷ് ടാഗായി മാറിക്കഴിഞ്ഞു.

Content Highlights: Students across France have blockaded schools demanding building renovations, smaller class sizes, and expanded university seats. Over 48 schools were affected in major cities as protests resumed after holidays. The movement is gaining momentum and spreading to neighboring European countries.
---- facebook comment plugin here -----

Latest